ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ (CJP) നേതൃത്വത്തിൽ പാർലമെന്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെയുണ്ടായ പോലീസ് അതിക്രമത്തിൽ കേന്ദ്ര സർക്കാരിനും ഡൽഹി പോലീസിനും നോട്ടീസ് അയച്ച് ഡൽഹി ഹൈക്കോടതി. പോലീസിന്റെ ഭാഗത്തുനിന്ന് ക്രൂരമായ ബലപ്രയോഗം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജികൾ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള നിർണായക രേഖകൾ സുരക്ഷിതമായി സംരക്ഷിക്കാനും കോടതി ഉത്തരവിട്ടു.
വാദത്തിനിടെ പോലീസിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് ഹർജിക്കാർ കോടതിയിൽ ഉന്നയിച്ചത്. പ്രതിഷേധത്തിൽ പങ്കെടുത്ത വനിതകൾക്കുനേരെ അതിക്രമം ഉണ്ടായെന്നും സ്വകാര്യ ഭാഗങ്ങളിൽ ഉൾപ്പെടെ മർദ്ദനമേറ്റെന്നും ഹർജിക്കാരുടെ അഭിഭാഷകർ ബോധിപ്പിച്ചു. ആണിയടിച്ച ലാത്തികളാണ് പോലീസ് പ്രയോഗിച്ചതെന്നും അക്രമം നടത്തിയ ഉദ്യോഗസ്ഥർ പേരുവിവരങ്ങൾ വ്യക്തമാക്കുന്ന ബാഡ്ജുകൾ ധരിച്ചിരുന്നില്ലെന്നും ഇവർ കോടതിയെ അറിയിച്ചു. ആരോപണങ്ങൾ ശരിവെക്കുന്ന വീഡിയോ തെളിവുകൾ പക്കലുണ്ടെന്നും അഭിഭാഷകർ വ്യക്തമാക്കി.
അതേസമയം, കേന്ദ്ര സർക്കാരിനും ഡൽഹി പോലീസിനും വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ (ASG) എസ്. രാജു ഈ ആരോപണങ്ങളെ ശക്തമായി എതിർത്തു. പ്രതിഷേധം അക്രമാസക്തമായിരുന്നുവെന്നും നിരവധി പോലീസുകാർക്ക് പരിക്കേറ്റുവെന്നും അദ്ദേഹം പറഞ്ഞു. വെറും പ്രശസ്തിക്കുവേണ്ടി നൽകിയ ഹർജിയാണിതെന്നും അദ്ദേഹം പരിഹസിച്ചു.
എന്നാൽ ഈ വാദത്തെ ഹൈക്കോടതി കടുപ്പത്തിൽ ചോദ്യംചെയ്തു. “ഇതൊരു പബ്ലിസിറ്റി ഹർജിയാണെന്ന് നിങ്ങൾക്ക് എങ്ങനെ പറയാൻ സാധിക്കും?” എന്ന് ചീഫ് ജസ്റ്റിസ് അഡീഷണൽ സോളിസിറ്റർ ജനറലിനോട് ചോദിച്ചു.കേസിൽ തുടർനടപടികൾ വരും ദിവസങ്ങളിൽ ഉണ്ടാകും.

