ദില്ലി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നടത്തിവരുന്ന നിരാഹാര സമരം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാരിന് മുന്നിൽ ഉപാധികൾ വച്ച് സോനം വാങ്ചുക്ക്. സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ഉറപ്പുകൾ അടിയന്തരമായി പാലിച്ചാൽ സമരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് കാട്ടി അദ്ദേഹം കേന്ദ്രത്തിന് കത്തയച്ചു.
നീറ്റ് വിഷയം പാർലമെന്റിൽ ചർച്ച ചെയ്യുമെന്നും, വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ സ്ഥാനത്തുനിന്ന് മാറ്റുന്നത് പരിഗണിക്കുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. ഇതിനുപുറമേ, ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്ന കാര്യം ആലോചിക്കാമെന്നും സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. ഈ നിർദ്ദേശങ്ങൾ വൈകാതെ തന്നെ നടപ്പിലാക്കണമെന്നാണ് സോനം വാങ്ചുക്ക് അയച്ച കത്തിലെ പ്രധാന ആവശ്യം.
അതേസമയം, ആരോഗ്യനില മോശമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സോനം വാങ്ചുക്കിനോട് നിരാഹാര സമരം അവസാനിപ്പിക്കാൻ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നേതൃത്വവും ആവശ്യപ്പെട്ടു. രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന അദ്ദേഹത്തിന്റെ ജീവൻ ഏറെ വിലപ്പെട്ടതാണെന്നും വിദ്യാർഥികളുടെ ഈ പോരാട്ടത്തിൽ അദ്ദേഹത്തിന്റെ സാന്നിധ്യം ഇനിയും ആവശ്യമാണെന്നും സി.ജെ.പി നേതാവ് അഭിജിത് ദീപ്കെ പ്രതികരിച്ചു. ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കുന്നത് വരെ വിദ്യാർഥികൾക്കായി സമരം തുടരുമെന്നും സി.ജെ.പി വ്യക്തമാക്കി.

