ന്യൂഡല്‍ഹി: ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ, പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കടന്നാക്രമണത്തിന് പ്രതിപക്ഷം. വിദ്യാർത്ഥി പ്രക്ഷോഭത്തിന് നേരെ ഉണ്ടായ പെല്ലെറ്റ് ആക്രമണവും പൊലീസ് നടപടിയും ഉയർത്തിക്കാട്ടി ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കാനാണ് പ്രതിപക്ഷ കക്ഷികളുടെ തീരുമാനം. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്ന ആവശ്യവും പ്രതിപക്ഷം സഭയിൽ ഉന്നയിക്കും.
ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി കൊണ്ട് മാത്രം വിഷയം അവസാനിക്കുന്നില്ലെന്നും വിദ്യാർത്ഥികൾക്ക് നേരെ നടന്ന ബലപ്രയോഗത്തിനും പെല്ലെറ്റ് ആക്രമണത്തിനും ആഭ്യന്തര മന്ത്രാലയം മറുപടി പറയണമെന്നും പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു.
അതേസമയം, വിഷയം രാഷ്ട്രീയമായി കത്തിനിൽക്കുമ്പോഴും രാജ്യത്ത് പരീക്ഷ തട്ടിപ്പുകളും ചോർച്ചകളും തടയുന്നതിനായി സർക്കാർ കൊണ്ടുവരുന്ന പുതിയ ബില്ലിനെ സഭയിൽ പിന്തുണയ്ക്കാൻ പ്രതിപക്ഷം തയ്യാറായേക്കുമെന്നാണ് സൂചനകൾ.

