കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസെടുത്തു. ബിജെപി നേതാവ് നവ്യ ഹരിദാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് സൈബർ ക്രൈം പൊലീസാണ് നടപടിയെടുത്തത്.
സിജെപി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിലാണ് ജാൻമണി അധിക്ഷേപകരമായ പരാമർശം നടത്തിയത്. സമൂഹത്തിൽ ലഹളയുണ്ടാക്കുക, സമാധാനാന്തരീക്ഷം തകർക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തുവെന്ന് പോലീസിന്റെ എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.
ബി.എൻ.എസ് 192, 356 (2): അപകീർത്തിപ്പെടുത്തൽ, അപമാനിക്കൽ
കേരള പൊലീസ് ആക്ട് 120 (ഒ): സമാധാനഭംഗം ഉണ്ടാക്കൽ
സംഭവം വിവാദമായതിനെ തുടർന്ന് ജാൻമണി ദാസ് പരസ്യമായി ക്ഷമാപണം നടത്തിയിരുന്നു. വിഷയത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് സൈബർ പോലീസ് അറിയിച്ചു.

