മധ്യകേരളത്തിൽ മഴക്കെടുതി രൂക്ഷം: ഉരുൾപൊട്ടലിൽ രണ്ട് മരണം, പരക്കെ നാശനഷ്ടം

1 August 2026
മധ്യകേരളത്തിൽ മഴക്കെടുതി രൂക്ഷം: ഉരുൾപൊട്ടലിൽ രണ്ട് മരണം, പരക്കെ നാശനഷ്ടം

കോട്ടയം/ഇടുക്കി: മധ്യകേരളത്തിൽ പെയ്തിറങ്ങുന്ന കനത്ത കാലവർഷത്തിൽ വ്യാപക നാശനഷ്ടങ്ങളും ജീവഹാനിയും. ഇടുക്കിയിലും കോട്ടയത്തുമായി ഉണ്ടായ ഉരുൾപൊട്ടലിൽ രണ്ട് പേർ മരിച്ചു. തുടർച്ചയായി പെയ്യുന്ന മഴയിൽ പലയിടങ്ങളിലും മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും ജനജീവിതം പൂർണ്ണമായും ദുസ്സഹമാക്കിയിരിക്കുകയാണ്.

ഇടുക്കി അടൂർമലയിലുണ്ടായ ഉരുൾപൊട്ടൽ വലിയൊരു ദുരന്തമാണ് വിതച്ചത്. മണിക്കൂറുകൾ നീണ്ട ദുഷ്കരമായ തിരച്ചിലിനൊടുവിൽ, 500 അടിയോളം താഴ്ചയിൽ നിന്നാണ് കാണാതായ സുമതിയുടെ മൃതദേഹം രക്ഷാപ്രവർത്തകർ കണ്ടെടുത്തത്. അപകടത്തിൽപ്പെട്ട ഭർത്താവ് രവിയും മകൻ രാജേഷും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

മറ്റൊരു കണ്ണീർക്കാഴ്ചയായി പൂഞ്ഞാർ പയ്യാനിത്തോട്ടവും മാറി. ഉരുൾപൊട്ടലിൽ ജോണിയുടെ വീട് പൂർണ്ണമായും ത തകർന്നുപോയി. അപകട സമയത്ത് വീട്ടിലുണ്ടായിരുന്ന മകൻ ജോസഫിന്റെ മൃതദേഹം കണ്ടെടുത്തു. എന്നാൽ, അപകടത്തിൽ കാണാതായ ജോണിയുടെ ഭാര്യ ഗ്രേസിക്കായി തിരച്ചിൽ തുടരുകയാണ്.

തീക്കോയി മേഖലയിലും പലയിടത്തായി ഉരുൾപൊട്ടി നിരവധിവീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. നിർത്തിയിട്ടിരുന്ന പല വാഹനങ്ങളും ഒലിച്ചുപോയി.