തൃഷക്കെതിരായ പരാമർശം: തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

4 August 2026
തൃഷക്കെതിരായ പരാമർശം: തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

ചെന്നൈ: നടി തൃഷക്കെതിരെ അധിക്ഷേപകരമായ ദ്വയാർത്ഥ പരാമർശം നടത്തിയെന്ന കേസിൽ തമിഴ്‌നാട് പ്രതിപക്ഷ നേതാവും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈ നീലാങ്കരയിലെ ഔദ്യോഗിക വസതിയിലെത്തിയാണ് തഞ്ചാവൂർ പൊലീസ് സംഘം ഉദയനിധിയെ കസ്റ്റഡിയിലെടുത്തത്.

കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് തഞ്ചാവൂരിൽ നടന്ന പ്രതിഷേധ സംഗമത്തിനിടെയായിരുന്നു വിവാദത്തിന് ആസ്പദമായ സംഭവം. പ്രസംഗത്തിനിടെ സദസ്സിൽ നിന്ന് ഉയർന്ന ചില മുദ്രാവാക്യങ്ങളോട് പ്രതികരിക്കവേ, തൃഷയുടെ പേര് പരാമർശിച്ച് ഉദയനിധി നടത്തിയ അപകീർത്തികരമായ പ്രസ്താവനയ്ക്കെതിരെ ഭരണപക്ഷ പാർട്ടിയായ ടി.വി.കെയും ബി.ജെ.പിയും ഉൾപ്പെടെയുള്ള സംഘടനകൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.

അതേസമയം, ഉദയനിധിയുടെ ഔദ്യോഗിക അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. കസ്റ്റഡിയിലെടുത്ത ഉദയനിധിയെ ചോദ്യം ചെയ്യുന്നതിനായി തഞ്ചാവൂരിലേക്ക് കൊണ്ടുപോയി എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.