യുപിഐ ഇടപാടുകൾ സൗജന്യമായി തുടരും; ഫീസ് ഈടാക്കുക വ്യാപാരികളിൽ നിന്ന്: ധനമന്ത്രി നിർമല സീതാരാമൻ

7 August 2026
യുപിഐ ഇടപാടുകൾ സൗജന്യമായി തുടരും; ഫീസ് ഈടാക്കുക വ്യാപാരികളിൽ നിന്ന്: ധനമന്ത്രി നിർമല സീതാരാമൻ

ന്യൂഡൽഹി: യുപിഐ (UPI) ഇടപാടുകളിൽ സാധാരണക്കാരായ ഉപഭോക്താക്കൾക്കുള്ള സൗജന്യ സേവനം തുടരുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി.

ഭാവിയിൽ ഡിജിറ്റൽ ഇടപാടുകൾക്ക് ഫീസ് ഈടാക്കുകയാണെങ്കിൽ അത് വ്യാപാരികളിൽ (Merchants) നിന്ന് മാത്രമായിരിക്കുമെന്നും (മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് – MDR) ഉപഭോക്താക്കൾക്ക് അധിക സാമ്പത്തിക ഭാരം ഉണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു.

ഡിജിറ്റൽ ഇടപാടുകൾ സുരക്ഷിതവും കൂടുതൽ കാര്യക്ഷമവുമാക്കാൻ ബാങ്കുകൾക്കും ഫിൻടെക് (Fintech) സ്ഥാപനങ്ങൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനും സാങ്കേതിക മുന്നേറ്റത്തിനും ഈ തുക സഹായകരമാകുമെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.

പാർലമെന്റിൽ അവതരിപ്പിച്ച പുതിയ ബില്ല് (Taxation and Other Laws Amendment Bill) യുപിഐ ഇടപാടുകൾക്കുള്ള സൗജന്യം ഇല്ലാതാക്കുമെന്നും ഉപഭോക്താക്കൾക്ക് പണം നൽകേണ്ടി വരുമെന്നും ആരോപിച്ച് കോൺഗ്രസ് നേതാവ് ജയറാം രമേശ് രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയായാണ് എക്‌സിലൂടെ (X) ധനമന്ത്രി കാര്യങ്ങൾ വ്യക്തമാക്കിയത്.