‘ഒരാൾക്കെതിരെയുള്ള ആക്രമണം എല്ലാവർക്കുമെതിരെ’: പ്രതിരോധക്കരാറിൽ ഒപ്പുവെച്ച് സൗദിയും തുർക്കിയും പാകിസ്താനും

8 August 2026
‘ഒരാൾക്കെതിരെയുള്ള ആക്രമണം എല്ലാവർക്കുമെതിരെ’: പ്രതിരോധക്കരാറിൽ ഒപ്പുവെച്ച് സൗദിയും തുർക്കിയും പാകിസ്താനും

ഇസ്‌ലാമാബാദ്/മക്ക: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യങ്ങളും സംഘർഷങ്ങളും രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ത്രിരാഷ്ട്ര സംയുക്ത പ്രതിരോധക്കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ, സൗദി അറേബ്യ, തുർക്കി എന്നീ രാജ്യങ്ങൾ.

സൗദിയിലെ മക്കയിൽ വെച്ച് നടന്ന ചടങ്ങിൽ പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, തുർക്കി പ്രസിഡന്റ് രജബ് തയ്യിപ് ഉർദുഗാൻ എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്.

കരാറിലെ ഏതെങ്കിലും ഒരു രാജ്യത്തിനെതിരെ ഉണ്ടാകുന്ന സായുധ ആക്രമണത്തെ മൂന്ന് രാജ്യങ്ങൾക്കും എതിരെയുള്ള ആക്രമണമായി കണക്കാക്കി ഒന്നിച്ചു പ്രതിരോധിക്കുമെന്നതാണ് കരാറിന്റെ ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥ.

രാജ്യങ്ങൾ തമ്മിലുള്ള ദീർഘകാല ചരിത്രബന്ധം, ഇസ്‌ലാമിക ഐക്യം, പൊതു സുരക്ഷാ താൽപ്പര്യങ്ങൾ എന്നിവ മുൻനിർത്തിയാണ് ഈ ചരിത്രപരമായ കരാറെന്ന് സംയുക്ത പ്രസ്താവനയിലൂടെ മൂന്ന് രാജ്യങ്ങളും വ്യക്തമാക്കി.

ഇന്ത്യയുമായി അടുത്ത നയതന്ത്ര-സാമ്പത്തിക ബന്ധം പുലർത്തുന്ന സൗദി അറേബ്യ, പാകിസ്താനും തുർക്കിക്കുമൊപ്പം ഇത്തരമൊരു സൈനിക സഖ്യത്തിൽ പങ്കാളിയാകുന്നത് ന്യൂഡൽഹി ഉറ്റുനോക്കുകയാണ്.

പഹൽഗാം ഭീകരാക്രമണത്തിന് ശേഷമുണ്ടായ ഇന്ത്യ-പാക് സൈനിക സംഘർഷ വേളയിൽ പാകിസ്താന് സൈനിക ഡ്രോണുകൾ നൽകി സഹായിച്ച ചരിത്രം തുർക്കിക്കുണ്ട്.