മുംബൈ: ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വായ്പത്തുക തിരിച്ചുപിടിക്കുമ്പോൾ ഉപഭോക്താക്കളോട് മാന്യമായി പെരുമാറണമെന്ന് കർശന നിർദേശവുമായി റിസർവ് ബാങ്ക് (RBI). ഇതുസംബന്ധിച്ച് വായ്പാ സ്ഥാപനങ്ങൾക്കുള്ള പെരുമാറ്റച്ചട്ടം ആർ.ബി.ഐ കൂടുതൽ ശക്തമാക്കി.
വാണിജ്യ ബാങ്കുകൾ, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ, ഹൗസിംഗ് ഫിനാൻസ് കമ്പനികൾ എന്നിവയുൾപ്പെടെയുള്ള എല്ലാ വായ്പാ സ്ഥാപനങ്ങൾക്കും നിർദേശം ബാധകമാണ്.
വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളെ ഫോണിൽ വിളിക്കുന്നതും വീടുകൾ സന്ദർശിക്കുന്നതും രാവിലെ 8:00 മണിക്കും വൈകീട്ട് 7:00 മണിക്കും ഇടയിൽ മാത്രമായിരിക്കണം. ഉപഭോക്താക്കളുമായി നടത്തുന്ന എല്ലാ ഫോൺ സംഭാഷണങ്ങളും നിർബന്ധമായും റെക്കോർഡ് ചെയ്ത് സൂക്ഷിക്കണം. മോശം ഭാഷയോ ഭീഷണിയോ ഭയപ്പെടുത്തലോ ഒരു കാരണവശാലും ഉപയോഗിക്കാൻ പാടില്ല.
പുതിയ നിയമങ്ങൾ അടുത്ത വർഷം ജനുവരി മുതൽ പ്രാബല്യത്തിൽ വരും.

