‘പെൺകുട്ടികളുടെ വസ്ത്രമല്ല നിയന്ത്രിക്കേണ്ടത്, ആൺകുട്ടികളെ പെരുമാറ്റം പഠിപ്പിക്കണം’: ദില്ലി ഹൈക്കോടതി

12 August 2026
‘പെൺകുട്ടികളുടെ വസ്ത്രമല്ല നിയന്ത്രിക്കേണ്ടത്, ആൺകുട്ടികളെ പെരുമാറ്റം പഠിപ്പിക്കണം’: ദില്ലി ഹൈക്കോടതി

ദില്ലി: ലൈംഗിക അതിക്രമക്കേസിൽ നിർണായകവും പ്രസക്തവുമായ നിരീക്ഷണവുമായി ദില്ലി ഹൈക്കോടതി. പെൺകുട്ടികൾ ധരിക്കുന്ന വസ്ത്രത്തെ മുൻനിർത്തി അതിക്രമങ്ങളെ ന്യായീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി, വിചാരണക്കോടതി പ്രതിയെ വെറുതെ വിട്ട ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. മലയാളി ജഡ്ജിയായ ജസ്റ്റിസ് ചന്ദ്രശേഖരൻ സുധയുടെ ബെഞ്ചാണ് ഉത്തരവിട്ടത്.

ആൺകുട്ടികളെ നന്നായി പെരുമാറാനും മറ്റുള്ളവരുടെ അതിരുകളെ ബഹുമാനിക്കാനും പഠിപ്പിക്കുകയാണ് വേണ്ടത്. അല്ലാതെ പെൺകുട്ടികൾ എന്ത് വസ്ത്രം ധരിക്കണമെന്ന് നിർദേശിക്കുകയോ അവരുടെ വസ്ത്രധാരണം നിയന്ത്രിക്കുകയോ അല്ല ചെയ്യേണ്ടത്.

ഒരു സ്ത്രീ ധരിക്കുന്ന വസ്ത്രം അവൾക്കുനേരെ നടക്കുന്ന ലൈംഗികാതിക്രമത്തിന് ഒരിക്കലും ന്യായീകരണമല്ല. വസ്ത്രത്തിന്റെ പേരിൽ ഇരയായ സ്ത്രീയെ അല്ലെങ്കിൽ പെൺകുട്ടിയെ കുറ്റപ്പെടുത്തുന്ന നിലപാട് അംഗീകരിക്കാനാകില്ല.

വസ്ത്രധാരണം വ്യക്തിഗത സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. അതിൽ ഇടപെടാനോ അതിനെ ചോദ്യം ചെയ്യാനോ സമൂഹത്തിനോ പ്രതിഭാഗത്തിനോ അവകാശമില്ല.

ജീൻസ് ധരിച്ച 17 വയസ്സുകാരിക്ക് നേരെ നടന്ന ലൈംഗിക അതിക്രമ കേസിലാണ് കോടതിയുടെ ഈ നിർണായക വിധി. പ്രതിയെ വിചാരണക്കോടതി നേരത്തെ വെറുതെ വിട്ടിരുന്നു.