നേതാജിയെ അപമാനിച്ചു: ബിജെപി എംപി നാഗേന്ദ്ര റേയുടെ ‘ബംഗ വിഭൂഷൺ’ പുരസ്‌കാരം പശ്ചിമ ബംഗാൾ സർക്കാർ പിൻവലിച്ചു

13 August 2026
നേതാജിയെ അപമാനിച്ചു: ബിജെപി എംപി നാഗേന്ദ്ര റേയുടെ ‘ബംഗ വിഭൂഷൺ’ പുരസ്‌കാരം പശ്ചിമ ബംഗാൾ സർക്കാർ പിൻവലിച്ചു

കൊൽക്കത്ത: ബിജെപി രാജ്യസഭാ എം.പി നാഗേന്ദ്ര റേയ്ക്ക് നൽകിയ ബംഗാളിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ബംഗ വിഭൂഷൺ’ പുരസ്‌കാരം പശ്ചിമ ബംഗാൾ സർക്കാർ പിൻവലിച്ചു.

നേതാജിയെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയോ തെറ്റായ പ്രചാരണങ്ങൾ അഴിച്ചുവിടുകയോ ചെയ്യുന്നവർക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകി 24 മണിക്കൂറിനുള്ളിലാണ് എംപിക്കെതിരെയുള്ള ഈ നടപടി.

നേതാജി സുഭാഷ് ചന്ദ്രബോസിനെ ‘യുദ്ധക്കുറ്റവാളി’ എന്ന് വിശേഷിപ്പിക്കുകയും, അദ്ദേഹത്തിന്റെ നേതൃത്വത്തെയും ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ ആസാദ് ഹിന്ദ് ഫൗജിന്റെ പങ്കിനെയും ചോദ്യം ചെയ്യുകയും ചെയ്തതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്.

എം.പിമാർക്കും എം.എൽ.എമാർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും നിയമം ഒരുപോലെ ബാധകമായിരിക്കുമെന്നും, ബംഗാളിലെ ജനങ്ങൾ ഏറെ ആദരിക്കുന്ന സ്വാതന്ത്ര്യസമര സേനാനികളെ അധിക്ഷേപിക്കുന്നത് അനുവദിക്കില്ലെന്നും പശ്ചിമ ബംഗാൾ സർക്കാർ വ്യക്തമാക്കി.

നാഗേന്ദ്ര റേയ്ക്ക് ഈ വർഷം ഫെബ്രുവരിയിലാണ് ബംഗ ഭൂഷൺ ബഹുമതി നൽകി ആദരിച്ചിരുന്നത്.

പുരസ്‌കാരം പിൻവലിച്ചതോടെ, നാഗേന്ദ്ര റേയ്ക്ക് ഇനി മുതൽ ഈ ബഹുമതി ലഭിച്ച വ്യക്തിയായി സ്വയം അവതരിപ്പിക്കാനോ ഇതുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾ കൈപ്പറ്റാനോ അവകാശമുണ്ടായിരിക്കില്ലെന്ന് ഔദ്യോഗിക ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.