മുംബൈ: ഫുക്കറ്റ്-ഡൽഹി എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ട് യാത്രക്കാർക്ക് പരിക്കേറ്റ സംഭവത്തിന് പിന്നാലെ, പൈലറ്റുമാരിൽ ലഹരി ഉപയോഗം കണ്ടെത്തിയതിനെ തുടർന്ന് വൻ നടപടിയുമായി എയർ ഇന്ത്യ.
അയ്യായിരത്തിലധികം വരുന്ന തങ്ങളുടെ പൈലറ്റുമാർക്ക് അടിയന്തരമായി ഡോപ് ടെസ്റ്റ് (ലഹരി പരിശോധന) നടത്താൻ എയർ ഇന്ത്യ തീരുമാനിച്ചു. എയർ ഇന്ത്യയ്‌ക്കൊപ്പം ഉപകമ്പനിയായ എയർ ഇന്ത്യ എക്‌സ്പ്രസിലെ ജീവനക്കാരെയും പരിശോധനയ്ക്ക് വിധേയരാക്കും.
പരിശോധനയിൽ സഹകരിക്കാത്തവരെയും ലഹരി പരിശോധനയ്ക്ക് വിധേയരാകാത്തവരെയും സർവീസുകളിൽ നിന്ന് ഉടനടി മാറ്റിനിർത്തും. “യാത്രക്കാരുടെ വിശ്വാസ്യതയും സുരക്ഷയുമാണ് തങ്ങളുടെ ഏറ്റവും വലിയ സമ്പത്ത്” എന്ന് എയർ ഇന്ത്യ മാനേജ്‌മെന്റ് വ്യക്തമാക്കി.
നിലവിലെ വ്യോമയാന ചട്ടമനുസരിച്ച് ഒരു വർഷത്തിൽ ആകെയുള്ള ക്രൂ അംഗങ്ങളിൽ 10 ശതമാനം ആളുകളിൽ മാത്രമാണ് ലഹരി പരിശോധന നടത്താറുള്ളത്. എന്നാൽ ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജീവനക്കാരുടെ ലഹരിപരിശോധനാ ചട്ടങ്ങൾ കൂടുതൽ കർശനമാക്കാനും നിരന്തരം പരിശോധന നടത്താനും ഡിജിസിഎ (DGCA) ആലോചിക്കുന്നുണ്ട്
കഴിഞ്ഞ ദിവസം ഫുക്കറ്റിൽ നിന്നും ന്യൂഡൽഹിയിലേക്ക് വരികയായിരുന്ന വിമാനമാണ് പെട്ടെന്ന് ആകാശച്ചുഴിയിൽപ്പെടുകയും അടിയന്തരമായി താഴേക്ക് പതിക്കുകയും ചെയ്തത്. സംഭവത്തിൽ യാത്രക്കാർക്കും ജീവനക്കാർക്കും പരിക്കേറ്റിരുന്നു. തുടർന്ന് നടത്തിയ മെഡിക്കൽ പരിശോധനയിലാണ് വിമാനത്തിലെ പൈലറ്റ് ലഹരി വസ്തു ഉപയോഗിച്ചതായി പ്രാഥമിക റിപ്പോർട്ടുകൾ പുറത്തുവന്നത്.

