ന്യൂഡൽഹി: രാജ്യം 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ചരിത്രനിമിഷത്തിൽ, ഡൽഹിയിലെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തി. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ചരിത്രത്തിൽ ആദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം ആലാപനം നടന്നു.
ധീര സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗസ്മരണകൾക്ക് ആദരമർപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിച്ചത്. ഓരോ ഭാരതീയന്റെയും ഹൃദയത്തിൽ വന്ദേമാതരം ധ്വനിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, പുത്തൻ പ്രതീക്ഷകളോടെയും ശക്തമായ ലക്ഷ്യബോധത്തോടെയുമാണ് രാജ്യം മുന്നേറുന്നതെന്ന് വ്യക്തമാക്കി. 2047-ഓടെ ‘വികസിത ഭാരതം’ എന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള യാത്രയിലാണ് രാജ്യമുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ 12 വർഷത്തെ ദൃഢനിശ്ചയത്തിലൂടെ ദുർബലമായ സമ്പദ്‌വ്യവസ്ഥയിൽ നിന്ന് ഇന്ത്യ ലോകശക്തിയായി മാറി. സാങ്കേതിക രംഗത്തും ഡിജിറ്റൽ ഇടപാടുകളിലും വൻ കുതിച്ചുചാട്ടമുണ്ടായി. ഇൻ്റർനെറ്റ് ഉപഭോക്താക്കളുടെ എണ്ണം നാലിരട്ടിയായി വർദ്ധിച്ചു. നിർമ്മാണ രംഗത്ത് 3 സെമികണ്ടക്ടർ പ്ലാൻ്റുകൾ യാഥാർത്ഥ്യമാക്കാനായി. മറ്റ് രാജ്യങ്ങളെ ആശ്രയിക്കാതെ എല്ലാ മേഖലകളിലും സ്വയംപര്യാപ്തത ഉറപ്പാക്കണം. കാലഹരണപ്പെട്ട നിയമങ്ങൾ തള്ളി സുതാര്യമായ നിയമവ്യവസ്ഥ ഉറപ്പാക്കി. ആണവോർജ്ജ മേഖലയിലും ഇന്ത്യ വലിയ ശക്തിയായി മാറി. അടിസ്ഥാന സൗകര്യങ്ങൾ എല്ലാവർക്കുമെന്ന ലക്ഷ്യം സാക്ഷാത്ക്കരിച്ചു എന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

