ലക്നൗ: ഉത്തർപ്രദേശിലെ വാരണാസി ലാൽ ബഹദൂർ ശാസ്ത്രി രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരന്റെ ലൈസൻസുള്ള തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി രണ്ട് സുരക്ഷാ ജീവനക്കാർക്ക് പരുക്കേറ്റു. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കാർഗോ ലോജിസ്റ്റിക്സ് വിഭാഗമായ AAICLAS-ലെ സ്ക്രീനർമാർക്കാണ് പരുക്കേറ്റത്.
ഇന്ന് രാവിലെ 9.30 ഓടെയാണ് സംഭവം. അസംഗഡ് സ്വദേശിയായ യാത്രക്കാരനും ഭാര്യയും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ മുംബൈയിലേക്ക് യാത്ര ചെയ്യാനാണ് വിമാനത്താവളത്തിൽ എത്തിയത്. വിമാനത്തിൽ കൊണ്ടുപോകുന്നതിനായി തന്റെ പക്കൽ തോക്കുണ്ടെന്ന വിവരം യാത്രക്കാരൻ മുൻകൂട്ടി അധികൃതരെ അറിയിച്ചിരുന്നു.
തുടർന്ന് സുരക്ഷാ വിഭാഗത്തിലെ പ്രത്യേക പരിശോധനാ മുറിയിൽ വെച്ച് ആയുധം പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നു. പുരുഷ ജീവനക്കാരന്റെ കൈയ്ക്കും വനിതാ ജീവനക്കാരിയുടെ മുട്ടിനു മുകളിലുമാണ് വെടിയേറ്റത്.
സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവരുടെയും പരുക്കുകൾ ഗുരുതരമല്ലെന്നും അപകടനില തരണം ചെയ്തതായും എയർപോർട്ട് ഡയറക്ടർ അറിയിച്ചു.
തോക്കിനുള്ളിൽ ഒരു ഉണ്ട ബാക്കിയുണ്ടായിരുന്ന കാര്യം തനിക്ക് അറിയാമായിരുന്നില്ലെന്ന് യാത്രക്കാരൻ പൊലീസിന് മൊഴി നൽകി. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

