കൊച്ചി∙ കേസുകളെ സംബന്ധിച്ച ചോദ്യത്തിന് പരിഹാസത്തോടെയുള്ള മറുപടിയുമായി അർജുൻ ആയങ്കി. കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ തെളിവെടുപ്പിന് എത്തിച്ചപ്പോഴായിരുന്നു പരിഹാസം. ‘നിസ്സാരമായ നായയെ കൊന്ന കേസല്ലേ’ ഇതെന്നായിരുന്നു പ്രതികരണം. തനിക്കെതിരെ നിരവധി കേസുകളുണ്ട്. അതെല്ലാം നേരിടുമെന്നും അർജുൻ ആയങ്കി മാധ്യമങ്ങളോട് പറഞ്ഞു.
തന്റെ ഫോണൊക്കെ പൊലീസിന് കൊടുത്തിട്ടുണ്ട്. എല്ലാം ഫോർമാറ്റ് ചെയ്താണ് കൊടുത്തതെന്നും ആയങ്കി പറഞ്ഞു. കടവന്ത്ര കുമാരനാശാൻ നഗറിലെ സുഹൃത്തിന്റെ അപ്പാർട്മെന്റിലാണ് രണ്ടുദിവസം അർജുൻ ആയങ്കി ഒളിവിൽ കഴിഞ്ഞിരുന്നത്. ഇവിടേക്കാണ് തെളിവെടുപ്പിനായി കൊണ്ടുവന്നത്.
രണ്ടു ദിവസത്തേക്കാണ് കോതമംഗലം മജിസ്ട്രേട്ട് കോടതി അർജുൻ ആയങ്കിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. മന്ത്രി രമേശ് ചെന്നിത്തലയെയും പൊലീസിനെയും സമൂഹമാധ്യമത്തിൽ വെല്ലുവിളിച്ചെന്ന കേസിൽ റിമാൻഡിലാണ് പ്രതി. 9ന് പുലർച്ചെ 2.15ന് ആണ് അർജുൻ ആയങ്കിയെ കണ്ണൂർ റേഞ്ച് ഡിഐജിയുടെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. വധശ്രമക്കേസടക്കം 23 കേസുകളിൽ പ്രതിയാണ് അർജുൻ ആയങ്കി.

