തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതി ഒൻപത് മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിലേക്ക് കൂടി വ്യാപിപ്പിക്കാൻ കേരള സർക്കാർ തയ്യാറാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കി.
കേന്ദ്രാവിഷ്കൃത ‘പി.എം. പോഷൺ’ പദ്ധതിയുടെ ഭാഗമായി ഉച്ചഭക്ഷണം വ്യാപിപ്പിക്കുന്നതിൽ കേന്ദ്രം നിർദ്ദേശം തേടിയപ്പോൾ, കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന യോഗത്തിൽ കേരളം അനുകൂല നിലപാടറിയിക്കുകയായിരുന്നു. ഭക്ഷണം പൗരന്റെ അടിസ്ഥാന അവകാശമാണെന്നും ക്ഷേമരാഷ്ട്ര സങ്കല്പത്തിൽ ഇത് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും മന്ത്രി ഓർമ്മിപ്പിച്ചു.
സ്കൂൾ വിദ്യാർഥികൾക്കുള്ള ഓണം സ്പെഷ്യൽ അരി വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുവിദ്യാലയങ്ങളിലെ 23.5 ലക്ഷത്തോളം വരുന്ന വിദ്യാർഥികൾക്ക് നാല് കിലോ വീതം സൗജന്യ അരി നൽകുമെന്ന് ചടങ്ങിൽ പങ്കെടുത്ത ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സപ്ലൈകോ വഴി 905 മെട്രിക് ടൺ അരിയാണ് ഇതിനായി വിതരണം ചെയ്യുന്നത്.

