കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (KMRL) പേര് ‘കേരളം മെട്രോ റെയിൽ ലിമിറ്റഡ്’ എന്ന് പുനർനാമകരണം ചെയ്യാൻ ഒരുങ്ങുന്നു. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ തത്ത്വത്തിലുള്ള അംഗീകാരത്തിനായി കെ.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ സർക്കാരിന് ഔദ്യോഗികമായി ശുപാർശ സമർപ്പിച്ചു.
കൊച്ചിയിലെ മെട്രോ സേവനങ്ങൾക്ക് പുറമെ, സംസ്ഥാനത്തുടനീളമുള്ള നഗര ഗതാഗത പദ്ധതികളുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുക്കുക എന്ന വിശാലമായ ലക്ഷ്യത്തോടെയാണ് ഈ നീക്കം. മഹാരാഷ്ട്ര മെട്രോ (നാഗ്പൂർ), ഉത്തർപ്രദേശ് മെട്രോ (ലഖ്‌നൗ), ഗുജറാത്ത് മെട്രോ (അഹമ്മദാബാദ്) എന്നീ ദേശീയ മാതൃകകൾ പിന്തുടർന്നാണ് കൊച്ചി മെട്രോയുടെയും പേരുമാറ്റം.
ആലുവ മുതൽ തൃപ്പൂണിത്തുറ വരെയുള്ള ഒന്നാം ഘട്ടം വിജയകരമായി പൂർത്തിയാക്കി പ്രവർത്തനലാഭത്തിൽ തുടരുന്ന ഘട്ടത്തിലാണ് കമ്പനിയുടെ നിർണായക തീരുമാനം. സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ച ശേഷം ഡയറക്ടർ ബോർഡ്, ഓഹരി ഉടമകൾ, കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയം, കേന്ദ്ര സർക്കാർ എന്നിവയുടെ അംഗീകാരങ്ങൾക്ക് വിധേയമായിട്ടായിരിക്കും അന്തിമ മാറ്റം നടപ്പിലാക്കുക.
പേരുമാറ്റം നിലവിലെ സ്വത്തുക്കൾ, ബാധ്യതകൾ, കരാറുകൾ, ജീവനക്കാരുടെ തസ്തികകൾ എന്നിവയെ ബാധിക്കില്ലെന്നും ബ്രാൻഡിംഗ് മാറ്റങ്ങൾക്കുള്ള ചെലവ് കമ്പനിയുടെ സ്വന്തം ബജറ്റിൽ നിന്ന് വിനിയോഗിക്കുമെന്നും എം.ഡി വ്യക്തമാക്കി.

