തിരുവനന്തപുരം: ഓണക്കാലത്ത് റെക്കോർഡ് വിൽപ്പനയുമായി സപ്ലൈകോ. ജൂലൈ 22 മുതൽ ഓഗസ്റ്റ് 25 വരെയുള്ള 35 ദിവസത്തിനിടെ 433.81 കോടി രൂപയുടെ വിറ്റുവരവാണ് സപ്ലൈകോ സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ (ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 4 വരെ) 385 കോടി രൂപയായിരുന്നു വിറ്റുവരവ്. മുൻവർഷത്തെ അപേക്ഷിച്ച് 48 കോടി രൂപയുടെ വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്.
ഓണച്ചന്തകളിലും സപ്ലൈകോ വിൽപ്പനശാലകളിലും അനുഭവപ്പെട്ട വൻ തിരക്കാണ് ഈ നേട്ടത്തിന് പിന്നിൽ. 35 ദിവസത്തിനിടെ 53.86 ലക്ഷം ആളുകളാണ് സപ്ലൈകോയിലൂടെ സാധനങ്ങൾ വാങ്ങിയത്.
ഇത്തവണ ഏറ്റവും കൂടുതൽ വിൽപ്പന നടന്നത് ഉത്രാട ദിനത്തിലാണ് 27.85 കോടി രൂപ. ആകെ വിറ്റുവരവിൽ 155.39 കോടി രൂപ സബ്സിഡി സാധനങ്ങളിൽ നിന്നും 278.42 കോടി രൂപ സബ്സിഡിയിതര സാധനങ്ങളിൽ നിന്നുമാണ് ലഭിച്ചത്. സബ്സിഡി വെളിച്ചെണ്ണ കഴിഞ്ഞ വർഷത്തേക്കാൾ 35 ശതമാനം വില കുറച്ചാണ് ഇത്തവണ ഉപഭോക്താക്കൾക്ക് നൽകിയത്.
തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലെ മെഗാ ട്രേഡ് ഫെയറുകൾ ഉൾപ്പെടെയുള്ള ജില്ലാ ഫെയറുകളിൽ നിന്ന് 5.33 കോടി രൂപയുടെ വിൽപ്പന നടന്നു (കഴിഞ്ഞ വർഷം ഇത് 4.82 കോടിയായിരുന്നു). ഇതിൽ തിരുവനന്തപുരം മെഗാ ട്രേഡ് ഫെയറിൽ നിന്ന് മാത്രം 94 ലക്ഷം രൂപ ലഭിച്ചു.

