കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയിലെ സിപിഐഎം സംരംഭത്തിനെതിരെ ഉയര്‍ന്ന സാമ്പത്തിക തിരിമറി ആരോപണത്തില്‍ ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ വിശദീകരണം നല്‍കി.
ഷെയര്‍ ഇനത്തില്‍ 24 ലക്ഷം രൂപ മാത്രമാണ് സമാഹരിക്കാന്‍ സാധിച്ചത്. ലഭിച്ച പണം കൊണ്ട് ഇരിട്ടിയില്‍ സൊസൈറ്റിയുടെ പേരില്‍ 38 സെന്റ് സ്ഥലം വാങ്ങി. സമാഹരിച്ച തുകയേക്കാള്‍ ഉയര്‍ന്ന മൂല്യം കൈവശമുള്ള ഭൂമിക്ക് ഉണ്ട്.
സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷിച്ച പോലെ മുന്നോട്ട് പോയില്ലെന്നും സക്കീര്‍ ഹുസൈന്‍ വിശദീകരിക്കുന്നു. നോട്ട് നിരോധനം, 2018 ലെയും19ലെയും പ്രളയങ്ങള്‍, കോവിഡ് എന്നിവ തടസമായെന്നും പറയുന്നു. ഓഹരികള്‍ സമാഹരിച്ചത് പാര്‍ട്ടി ഘടകങ്ങളുടെ സഹായത്തോടെയെന്നും വിശദീകരിക്കുന്നു
ആര്‍എസ്എസ് നേതാവ് വത്സന് തില്ലങ്കേരിയുടെ പ്രഗതി കോളജിന് ബദലായി 2015-ലാണ് ഇരിട്ടിയില്‍ നോര്‍ത്ത് മലബാര്‍ എജുക്കേഷന്‍ സൊസൈറ്റി രൂപീകരിച്ചത്. പൊതുജന പങ്കാളിത്തത്തോടെ സ്വയംഭരണ കോളജ് തുടങ്ങുകയായിരുന്നു ലക്ഷ്യം. ആയിരം മുതല്‍ ഒരു ലക്ഷം രൂപ വരെ ഓഹരി തുക നിശ്ചയിച്ച്, ലാഭവിഹിതം വാഗ്ദാനം ചെയ്ത് പതിനായിരത്തിലേറെ റെസീപ്റ്റുകള്‍ വഴി പണം സ്വരൂപിച്ചിരുന്നു.
തുടര്‍ന്ന് 2017-ല്‍ കോളജിന് ശിലാസ്ഥാപനം നടത്തിയെങ്കിലും പിന്നീട് നിര്‍മ്മാണം മുന്നോട്ടുപോയില്ല. ഇതോടെ പണം നിക്ഷേപിച്ചവര്‍ക്ക് വിവരമൊന്നും ലഭിക്കാതെയായി.
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യന്‍ പ്രസിഡന്റായുള്ള സൊസൈറ്റിയുടെ ഭാരവാഹികളിൽ ഭൂരിഭാഗവും സിപിഐഎം, ഡിവൈഎഫ്‌ഐ നേതാക്കളാണ്. വിഷയത്തില്‍ നിക്ഷേപകര്‍ പാര്‍ട്ടിക്ക് പരാതി നല്‍കുകയും അന്വേഷണ കമ്മീഷനെ നിയോഗിക്കുകയും ചെയ്തെങ്കിലും തുടര്‍നടപടികളൊന്നും ഉണ്ടായില്ലെന്നാണ് ആരോപണം.

