കാസർകോട്: ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് 139.29 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്ത സംഭവത്തിൽ ലഹരിശൃംഖലയുടെ അന്താരാഷ്ട്ര കണ്ണിയടക്കം രണ്ട് പ്രധാന പ്രതികളെ പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തു. കേരളത്തിലെ ലഹരി വിതരണ ശൃംഖലയിലെ പ്രധാനിയായ ഘാന സ്വദേശി വിക്ടർ ദസാബ (37), സംസ്ഥാനത്തിന് പുറത്തെ മുഖ്യ ഇടനിലക്കാരിയായ അഹമ്മദാബാദ് ലാംബ സ്വദേശിനി റിയാ ഖാൻ എന്ന സാത്തി ഷേഖ് (31) എന്നിവരാണ് അറസ്റ്റിലായത്.
ജില്ലാ പോലീസ് മേധാവി പി. നിധിൻ രാജിന്റെ മേൽനോട്ടത്തിൽ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. എം.വി. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ വലയിലാക്കിയത്. ഇതോടെ ഈ കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തവരുടെ എണ്ണം ഏഴായി ഉയർന്നു.
നേരത്തെ അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്തതിൽ നിന്നാണ് മുഖ്യ ഇടനിലക്കാരിയായ റിയാ ഖാനെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിക്കുന്നത്. തുടർന്ന് മധ്യപ്രദേശിലെ ഗ്വാളിയോറിൽ ഒളിവിൽ കഴിയുകയായിരുന്ന ഇവരെ ഹൊസ്ദുർഗ് എസ്.ഐ. നീതു തച്ചഞ്ചേരിയുടെ നേതൃത്വത്തിലുള്ള സംഘം സാഹസികമായി പിടികൂടുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് എറണാകുളം അറയ്ക്കപ്പടി സ്വദേശികളായ പി.എ. അബ്ദുൽ സലാം (27), കെ.എച്ച്. മുഹമ്മദ് ഹുസൈൻ (28), പി.എ. അബ്ബാസ് (50), ഇ.എസ്. സൈനുലാബിദീൻ (42), കാസർകോട് അമ്പലത്തറ സ്വദേശി കെ. മുഹമ്മദ് സാബിർ (33) എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

