തൃശൂരിൽ വൻ വാഹനാപകടം: നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ചു കയറി എട്ട് എൻജിനീയറിങ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

5 September 2026
തൃശൂരിൽ വൻ വാഹനാപകടം: നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ചു കയറി എട്ട് എൻജിനീയറിങ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

കയ്പമംഗലം: ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ചുണ്ടായ ഭീകരമായ അപകടത്തിൽ എട്ടു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. കയ്പമംഗലം പനമ്പിക്കുന്ന് സെന്ററിൽ വെള്ളിയാഴ്ച രാത്രി 11.45ഓടെയാണ് നാടിനെ ഞെട്ടിച്ച ദുരന്തമുണ്ടായത്.

വിനോദയാത്രയ്ക്കായി കേരളത്തിലെത്തിയ തമിഴ്‌നാട് ദിണ്ടിഗൽ പി.എസ്.എൻ.എ എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. ഗുരുവായൂർ ഭാഗത്തുനിന്ന് കൊടുങ്ങല്ലൂർ ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള കാറാണ് അപകടത്തിൽ പെട്ടത്. നിർമ്മാണം പുരോഗമിക്കുന്ന ദേശീയപാതയിൽ ഡൈവേർഷൻ ഭാഗത്ത് അനധികൃതമായി നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിലേക്ക് കാർ അതിവേഗത്തിൽ ഇടിച്ചുകയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായി തകർന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും ലോറിയിൽ ഉറങ്ങിക്കിടന്നവരും ചേർന്ന് പോലീസിലും ഫയർഫോഴ്സിലും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനയും പോലീസും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ പുറത്തെടുത്തത്.