കണ്ണൂർ: കണ്ണൂരിൽനിന്ന് മൂന്നാർവരെ സർവീസ് നടത്തിയ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് ലഭിച്ചത് വെറും 355 രൂപ മാത്രം വരുമാനം. ഏകദേശം 397 കിലോമീറ്റർ സർവീസ് നടത്തിയ ബസിൽ ആകെ യാത്രചെയ്തത് വെറും മൂന്നുപേർ മാത്രമാണ്. ഡീസലിനുള്ള അടിസ്ഥാന തുക പോലും ലഭിക്കാത്ത രീതിയിൽ വൻ നഷ്ടമുണ്ടാക്കിയ സംഭവത്തിൽ കെഎസ്ആർടിസി സമഗ്ര അന്വേഷണം ആരംഭിച്ചു.
ഓണക്കാലത്തെ അധിക സർവീസിന്റെ ഭാഗമായി കണ്ണൂർ ജില്ലയിലെ വലിയ യാത്രാത്തിരക്ക് പരിഹരിക്കാനാണ് മൂന്നാർ ഡിപ്പോയിൽനിന്ന് ബസ് കണ്ണൂരിലേക്ക് അയച്ചത്. ഓണം സീസൺ അവസാനിച്ചതോടെ ബസ് തിരിച്ചെത്തിക്കുന്നതിനായി കഴിഞ്ഞദിവസം ഡിപ്പോയിൽനിന്ന് ഒരു ഡ്രൈവറെയും കണ്ടക്ടറെയും ടിക്കറ്റ് മെഷീൻ സഹിതം നിയോഗിച്ചിരുന്നു.
അവധി ദിവസങ്ങൾക്ക് ശേഷമുള്ള മടക്കയാത്രകളിൽ സാധാരണയായി വലിയ തിരക്ക് അനുഭവപ്പെടാറുണ്ടെങ്കിലും ഇത്തവണ യാത്രക്കാരുടെ എണ്ണം മൂന്നായി ചുരുങ്ങി.മൂന്നാർ ഡിപ്പോയിലെത്തി ജീവനക്കാർ റിപ്പോർട്ട് നൽകിയപ്പോഴാണ് വരുമാനത്തിലെ കനത്ത കുറവ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്.
യാത്രക്കാരുടെ ലഭ്യത സംബന്ധിച്ച വിലയിരുത്തലുകളും സർവീസ് അനുവദിച്ചതിലെ നടപടിക്രമങ്ങളും പരിശോധിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.

