ന്യൂഡൽഹി: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയെ (ISRO) സ്വകാര്യവത്കരിക്കാൻ നീക്കം നടക്കുന്നെന്ന വാർത്തകൾ നിഷേധിച്ച് ഐഎസ്ആർഒ. സ്ഥാപനത്തിന്റെ പ്രാധാന്യവും പങ്കും ഒരിക്കലും കുറയില്ലെന്നും ഐഎസ്ആർഒ നേതൃത്വം നൽകുന്ന ശക്തമായ ഒരു ദേശീയ ബഹിരാകാശ ആവാസവ്യവസ്ഥ (Space Ecosystem) നിർമ്മിക്കുകയാണ് ലക്ഷധ്യമെന്നും ഔദ്യോഗിക പത്രക്കുറിപ്പിൽ വ്യക്തമാക്കി.
സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സർക്കാർ നയത്തിൽ ആശങ്ക അറിയിച്ച് ജീവനക്കാരുടെ സംഘടനകൾ ഐഎസ്ആർഒ ചെയർമാന് സംയുക്തമായി കത്തയച്ചിരുന്നു. ബഹിരാകാശ മേഖലയിൽ സ്വകാര്യ പങ്കാളിത്തം തുടങ്ങിയ ശേഷം ജീവനക്കാർ ഇത്ര ശക്തമായി പ്രതിഷേധിക്കുന്നത് ഇതാദ്യമാണ്. ഈ പശ്ചാത്തലത്തിലാണ് ആശങ്കകൾ പരിഹരിച്ചുകൊണ്ട് ഐഎസ്ആർഒ രംഗത്തെത്തിയത്.
സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കൽ, തുടർ ചാന്ദ്ര ദൗത്യങ്ങൾ തുടങ്ങിയ വലിയ ലക്ഷ്യങ്ങളിലേക്കും ഗവേഷണങ്ങളിലേക്കുമാണ് ഇനി ഐഎസ്ആർഒ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

