മുംബൈ: മുംബൈ ബാന്ദ്ര കുർള കോംപ്ലക്സിൽ (BKC) പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് വേദിക്ക് സമീപത്തുനിന്നും തോക്കും വ്യാജ ഐഡി കാർഡുമായി രണ്ടുപേരെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തു. 24 കാരനായ രോഹൻ പരീഖ്, ഇയാളുടെ സ്വകാര്യ സുരക്ഷാ ജീവനക്കാരൻ ദിലീപ് കുണ്ഡെ എന്നിവരാണ് പിടിയിലായത്.
വൈകീട്ട് ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് ഉദ്ഘാടനത്തിന് മുന്നോടിയായി നടത്തിയ സുരക്ഷാ പരിശോധനയിലാണ് സംശയാസ്പദമായ സാഹചര്യത്തിൽ ഇരുവരും പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. പരിശോധനയിൽ 24 കാരന്റെ പക്കൽ നിന്നും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ (PMO) വ്യാജ തിരിച്ചറിയൽ രേഖയും, സുരക്ഷാ ജീവനക്കാരനിൽ നിന്ന് തോക്കും കണ്ടെടുത്തു.
തുടർന്ന് കസ്റ്റഡിയിലെടുത്ത ഇരുവർക്കുമെതിരെ ഭാരതീയ ന്യായ സംഹിത (BNS) പ്രകാരം കേസെടുത്തു. ഇവരെ വെള്ളിയാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

