ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന സുരക്ഷാ മാനദണ്ഡങ്ങൾ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന ഹർജിയിൽ കേന്ദ്രസർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു.
കുട്ടികൾ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ പുതിയ അക്കൗണ്ടുകൾ ആരംഭിക്കുമ്പോൾ മാതാപിതാക്കളുടെ നിർബന്ധിത സമ്മതവും ഇ-കെവൈസി (e-KYC) വഴിയുള്ള സ്ഥിരീകരണവും നിർബന്ധമാക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.
കുട്ടികളെ ഡിജിറ്റൽ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി നിലവിലെ ഐടി ചട്ടങ്ങളിൽ ഭേദഗതി വരുത്തുകയോ പുതിയ പ്രത്യേക മാർഗനിർദേശങ്ങൾ കൊണ്ടുവരികയോ ചെയ്യണമെന്നതാണ് ഇതിലെ പ്രധാന ആവശ്യം.
ഓൺലൈൻ ഗ്രൂമിങ്, ലൈംഗിക ചൂഷണം, സൈബർ ബുള്ളിയിങ്, വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗം, പ്രായത്തിന് അനുയോജ്യമല്ലാത്ത ഉള്ളടക്കങ്ങളുടെ ലഭ്യത തുടങ്ങിയ ഗുരുതരമായ സുരക്ഷാ ഭീഷണികളിൽ നിന്നും വെല്ലുവിളികളിൽ നിന്നും കുട്ടികൾക്ക് പൂർണ്ണ സംരക്ഷണം ഉറപ്പാക്കുകയാണ് ഈ ആവശ്യങ്ങളിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.

