യുദ്ധമല്ല നയതന്ത്രമാണ് പരിഹാരമെന്ന് ബ്രിക്സ് ഉച്ചകോടി

12 September 2026
യുദ്ധമല്ല നയതന്ത്രമാണ് പരിഹാരമെന്ന് ബ്രിക്സ് ഉച്ചകോടി

ദില്ലി: പശ്ചിമേഷ്യയിൽ രൂക്ഷമായി തുടരുന്ന സൈനിക സംഘർഷങ്ങളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ദില്ലിയിൽ നടക്കുന്ന ബ്രിക്സ് (BRICS) ഉച്ചകോടി. അന്താരാഷ്ട്ര തർക്കങ്ങളും പ്രതിസന്ധികളും യുദ്ധത്തിലൂടെയല്ല, മറിച്ച് ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമാണ് പരിഹരിക്കേണ്ടതെന്ന് അംഗരാജ്യങ്ങൾ പുറപ്പെടുവിച്ച സംയുക്ത പ്രഖ്യാപനത്തിൽ ആഹ്വാനം ചെയ്തു.

സ്ഥിതിഗതികൾ കൂടുതൽ വഷളാക്കാതെ എല്ലാ കക്ഷികളും പരമാവധി സംയമനം പാലിക്കണമെന്നും, രാജ്യങ്ങളുടെ പരമാധികാരവും ഭൗമ അഖണ്ഡതയും സംരക്ഷിക്കപ്പെടണമെന്നും ഉച്ചകോടി വ്യക്തമാക്കി. സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും സൈനികേതര ആണവനിലയങ്ങൾക്കും നേരെ നടക്കുന്ന ആക്രമണങ്ങളെ ഉച്ചകോടി ശക്തമായി അപലപിച്ചു. ഗാസയിൽ അടിയന്തരമായി മാനുഷിക സഹായം ഉറപ്പാക്കണമെന്നും, പലസ്തീൻ വിഷയത്തിന് ദ്വിരാഷ്ട്ര പരിഹാരം മാത്രമാണ് ശാശ്വത പോംവഴിയെന്നും പ്രഖ്യാപനം ആവർത്തിച്ചു.

ഭീകരവാദവും മതമൗലികവാദവും പൂർണമായി നിർജ്ജനം ചെയ്യപ്പെടേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ ഉച്ചകോടി, ഭീകരവിരുദ്ധ പോരാട്ടത്തിൽ ഇരട്ടത്താപ്പ് നയം അംഗീകരിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി. സാമ്പത്തിക മേഖലയിൽ, സാമ്പത്തിക ഉപരോധങ്ങളെയും ഏകപക്ഷീയ നികുതി അടിച്ചേൽപ്പിക്കലുകളെയും തള്ളിക്കളഞ്ഞ അംഗരാജ്യങ്ങൾ, ബ്രിക്സ് പേയ്മെന്റ് ടാസ്ക് ഫോഴ്സിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ചു. അന്താരാഷ്ട്ര തലത്തിൽ സുഗമവും ചെലവ് കുറഞ്ഞതുമായ ക്രോസ്-ബോർഡർ പേയ്മെന്റ് സംവിധാനം യാഥാർത്ഥ്യമാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും കൂട്ടിച്ചേർത്തു.

ഉച്ചകോടിയുടെ പ്രധാന സെഷനിൽ അധ്യക്ഷത വഹിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഐക്യരാഷ്ട്രസഭ അടക്കമുള്ള ആഗോള സ്ഥാപനങ്ങൾ കാലാനുസൃതമായി പൊളിച്ചെഴുതണമെന്ന് നിർദ്ദേശം മുന്നോട്ടുവെച്ചു. ചില രാജ്യങ്ങൾ മാത്രം കേന്ദ്രീകൃതമായി അധികാരം പിടിച്ചുവെച്ചിരിക്കുന്നത് ഇനി അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആഗോള സാമ്പത്തിക വളർച്ചയ്ക്ക് പ്രധാന പങ്കുവഹിക്കുന്ന വളർന്നുവരുന്ന രാജ്യങ്ങൾക്ക് അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങളിൽ അർഹമായ വോട്ടവകാശം ഉൾപ്പെടെ ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.