2000 രൂപ വരെയുള്ള UPI ഇടപാടുകൾക്ക് ഫീസില്ല; വിജ്ഞാപനമിറക്കി കേന്ദ്ര സർക്കാർ

15 September 2026
2000 രൂപ വരെയുള്ള UPI ഇടപാടുകൾക്ക് ഫീസില്ല; വിജ്ഞാപനമിറക്കി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: 2000 രൂപ വരെയുള്ള യു.പി.ഐ (UPI) ഇടപാടുകൾക്കും റുപേ (RuPay) ക്രെഡിറ്റ് കാർഡ് വഴി നടത്തുന്ന ഇടപാടുകൾക്കും ബാങ്കുകളോ പേമെന്റ് പ്ലാറ്റ്‌ഫോമുകളോ യാതൊരുവിധ ചാർജുകളും ഈടാക്കാൻ പാടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ധനകാര്യ മന്ത്രാലയം ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. യു.പി.ഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തുന്നുവെന്ന വാർത്തകളും വിമർശനങ്ങളും ശക്തമായതിനെ തുടർന്നാണ് കേന്ദ്ര സർക്കാരിന്റെ ഈ വ്യക്തത വരുത്തൽ.

സാധാരണക്കാർ നടത്തുന്ന ചെറിയ തുകയുടെ യു.പി.ഐ ഇടപാടുകൾക്കും വ്യക്തികൾ തമ്മിൽ പരസ്പരം നടത്തുന്ന പണമിടപാടുകൾക്കും യാതൊരുവിധ സർവീസ് ചാർജുകളും ഉണ്ടാകില്ലെന്ന് സർക്കാർ വ്യക്തമാക്കി.

കഴിഞ്ഞ മാസം പാർലമെന്റ് പാസാക്കിയ ‘ടാക്സേഷൻ ആൻഡ് അദർ ലോസ് (ഭേദഗതി) ബിൽ, 2026’ പ്രകാരം 2007-ലെ ‘പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ട്’ സെക്ഷൻ 10എ-യിൽ വരുത്തിയ മാറ്റങ്ങളാണ് ചർച്ചകൾക്ക് വഴിവെച്ചത്. പുതിയ ഭേദഗതി പ്രകാരം 50 കോടി രൂപയ്ക്ക് മുകളിൽ വാർഷിക വിറ്റുവരവുള്ള ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ വൻകിട ബിസിനസ് സ്ഥാപനങ്ങളിൽ നിന്ന് ഡിജിറ്റൽ പേയ്‌മെന്റുകൾക്ക് ‘മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ്’ (MDR) ഈടാക്കാൻ സർക്കാരിന് നിയമപരമായ അധികാരം ലഭിച്ചിരുന്നു.

ഇതിനെ തുടർന്ന് യു.പി.ഐ ഇടപാടുകൾക്ക് ഫീസ് വരുന്നു എന്ന് പ്രതിപക്ഷം ആരോപിക്കുകയും ഉപഭോക്താക്കൾക്കിടയിൽ ആശങ്ക ഉയരുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് സാധാരണക്കാരെയും ചെറുകിട വ്യാപാരികളെയും ഇതിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കിയിട്ടുണ്ടെന്ന് ധനകാര്യ മന്ത്രാലയം വിജ്ഞാപനത്തിലൂടെ ഉറപ്പുനൽകിയത്.