ന്യൂഡൽഹി: അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുമായി പാകിസ്താൻ നാവികസേനയുടെ കപ്പൽ കൂട്ടിയിടിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധമറിയിച്ച് ഇന്ത്യ. സംഭവത്തെ തുടർന്ന് പാകിസ്താന്റെ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ സാദ് അഹമ്മദ് വറൈച്ചിനെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി കടുത്ത അമർഷം അറിയിച്ചു.
ചൊവ്വാഴ്ച വൈകുന്നേരം ഒമാന് ഏകദേശം 220 കിലോമീറ്റർ കിഴക്ക് ഉത്തർ അറബിക്കടലിലാണ് സംഭവം നടന്നത്.മേഖലയിൽ പതിവ് നിരീക്ഷണത്തിലായിരുന്ന ഇന്ത്യൻ യുദ്ധക്കപ്പലിന് സമീപത്തേക്ക് പാകിസ്താൻ കപ്പൽ അമിതവേഗതയിൽ സുരക്ഷിതമല്ലാത്ത രീതിയിൽ നീങ്ങുകയും ഇന്ത്യൻ കപ്പലുമായി ഉരസി കടന്നുപോവുകയുമായിരുന്നു.
പാകിസ്താന്റെ ഭാഗത്തുനിന്നുണ്ടായ ഈ നടപടി തീർത്തും അനാസ്ഥ നിറഞ്ഞതും അംഗീകരിക്കാനാകാത്തതുമാണെന്ന് ഇന്ത്യ വ്യക്തമാക്കി.1991-ൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ച സൈനിക നീക്കങ്ങളും പരിശീലനങ്ങളുമായി ബന്ധപ്പെട്ട ഉഭയകക്ഷി കരാറിലെ വ്യവസ്ഥകളുടെ ലംഘനമാണ് പാക് നാവികസേനയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
അതേസമയം, സംഭവത്തിൽ ഇരു കപ്പലുകൾക്കും വലിയ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഭാവിയിൽ ഇത്തരം അപകടകരമായ നീക്കങ്ങൾ ആവർത്തിക്കാതിരിക്കാൻ സൈനിക വിഭാഗങ്ങൾക്ക് ആവശ്യമായ ജാഗ്രതാനിർദേശം നൽകണമെന്ന് വിദേശകാര്യ മന്ത്രാലയം പാക് പ്രതിനിധിയോട് ആവശ്യപ്പെട്ടു. ഇസ്ലാമാബാദിലെ ഇന്ത്യൻ എംബസി വഴി പാകിസ്താൻ വിദേശകാര്യ മന്ത്രാലയത്തെയും ഇന്ത്യ ഔദ്യോഗികമായി പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

