ഡൽഹിയിൽ 17-കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; മൃതദേഹം തെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ, 4 പേർ പിടിയിൽ

18 September 2026
ഡൽഹിയിൽ 17-കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; മൃതദേഹം തെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ, 4 പേർ പിടിയിൽ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നടുക്കി വീണ്ടും ക്രൂരമായ കൂട്ടബലാത്സംഗവും കൊലപാതകവും. 17 വയസ്സുള്ള പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കുത്തിക്കൊലപ്പെടുത്തിയ ശേഷം വിജനമായ പറമ്പിൽ ഉപേക്ഷിച്ച സംഭവത്തിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പേർ ഉൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിന് ഉപയോഗിച്ച രണ്ട് കത്തികൾ, പ്രതികളുടെ വസ്ത്രങ്ങൾ, വാഹനം എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു.

സെപ്റ്റംബർ 13-നാണ് സെൻട്രൽ ഡൽഹിയിലെ കുഷാക് റോഡിലുള്ള പറമ്പിൽ അഴുകിയ നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തെരുവുനായ്ക്കൾ മൃതദേഹഭാഗങ്ങൾ ഭക്ഷിച്ച നിലയിലായിരുന്നു. കൈ വേർപെട്ട നിലയിലും ശരീരം പൂർണ്ണമായി അഴുകിയ അവസ്ഥയിലുമായിരുന്നതിനാൽ ആദ്യഘട്ടത്തിൽ പെൺകുട്ടിയെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല.

കൊല്ലപ്പെട്ട പെൺകുട്ടിയും പ്രതികളും തമ്മിൽ മുൻപ് പരിചയമുണ്ടായിരുന്നു. സംഭവദിവസം ഇവർ ഒരു ടെമ്പോയിൽ ഒന്നിച്ച് യാത്ര ചെയ്യുകയും വാഹനത്തിനുള്ളിൽ വെച്ച് മദ്യം കഴിക്കുകയും ചെയ്തു. തുടർന്ന് പ്രതികൾ പെൺകുട്ടിയെ പീഡനത്തിനിരയാക്കുകയും കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം വിജനമായ സ്ഥലത്ത് തള്ളുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പെൺകുട്ടി ഇടയ്ക്കിടെ വീട്ടിൽ നിന്ന് മാറിനിൽക്കാറുള്ളതിനാൽ കാണാതായ വിവരം കുടുംബം പൊലീസിൽ അറിയിച്ചിരുന്നില്ല. ദൃക്സാക്ഷികളോ മറ്റ് വിവരങ്ങളോ ഇല്ലാതിരുന്ന കേസിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. സംഭവസ്ഥലത്തിന് സമീപത്തുകൂടി സംശയാസ്പദമായ സാഹചര്യത്തിൽ ഒരു ടെമ്പോ കടന്നുപോകുന്നത് ദൃശ്യങ്ങളിൽ കണ്ടതാണ് കേസിൽ വഴിത്തിരിവായത്.

വിവിധ ഭാഗങ്ങളിലെ സിസിടിവി ക്യാമറകൾ പിന്തുടർന്ന് നടത്തിയ പരിശോധനയിൽ വാഹനം കണ്ടെത്തുകയും ഡ്രൈവറെ ചോദ്യം ചെയ്യുകയുമായിരുന്നു. തുടർന്ന് നടത്തിയ വിപുലമായ അന്വേഷണത്തിലാണ് പ്രതികളെല്ലാം പിടിയിലായത്.