ബെംഗളൂരു: പണം ആവശ്യപ്പെട്ട് 13 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി തലയ്ക്കടിച്ചുകൊന്നു. ബെംഗളൂരു യെലഹങ്ക വിനായക നഗറിൽ താമസിക്കുന്ന പ്രജ്വൽ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസിയായ ഭാസ്കർ റെഡ്ഡിയെ പൊലീസ് അറസ്റ്റ് ചെയ്തു.
കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം പണം ആവശ്യപ്പെടുകയും തുടർന്ന് കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹവുമായി ആന്ധ്രപ്രദേശിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്.
പ്രതി സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ തടഞ്ഞുവെച്ച് പരിശോധിച്ചപ്പോഴാണ് ക്രൂരകൃത്യം പുറത്തറിഞ്ഞത്. സംശയം തോന്നി കാറിന്റെ ഡിക്കി തുറന്നു പരിശോധിച്ച നാട്ടുകാർ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ വിവരമറിയിച്ചതിനെ തുടർന്ന് ചിക്കജാല പൊലീസ് സ്ഥലത്തെത്തി ഭാസ്കർ റെഡ്ഡിയെ കസ്റ്റഡിയിലെടുത്തു.
കൊലപാതക സമയത്ത് ഭാസ്കറിനൊപ്പം ഒരു പ്രായപൂർത്തിയാകാത്ത സുഹൃത്തും കൂടെയുണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി. സംഭവം പുറത്തറിഞ്ഞതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ചിക്കജാല പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

