പട്ന: ബിഹാറിൽ പത്താം ക്ലാസ് വിദ്യാർഥികളായ ആൺകുട്ടിയെയും പെൺകുട്ടിയെയും വഴിയിൽ തടഞ്ഞു നിർത്തി ദ്രോഹിച്ച സംഭവത്തിൽ സർക്കാരിനെ പ്രതിരോധത്തിലാക്കി ബിഹാർ മന്ത്രിയുടെ വിവാദ പ്രസ്താവന. ക്രൂരമായ സംഭവത്തെ ന്യായീകരിക്കുന്ന രീതിയിൽ പ്രതികരിച്ച മന്ത്രി ശ്രാവൺ കുമാറിനെതിരെ വ്യാപകമായി പ്രതിഷേധം ശക്തമാകുകയാണ്.
കോച്ചിങ് സെന്ററിലെ ക്ലാസിന് ശേഷം സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർഥികളെയാണ് ഒരു സംഘം ആക്രമിച്ച് പീഡിപ്പിച്ചത്. കേസിൽ ഉൾപ്പെട്ട മൂന്ന് പ്രതികളെ പോലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
എന്നാൽ സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയ മന്ത്രി ശ്രാവൺ കുമാർ, ഇത് കേവലം ഒരു “ഒറ്റപ്പെട്ട സംഭവം” മാത്രമാണെന്നാണ് വിശേഷിപ്പിച്ചത്. “ഒറ്റപ്പെട്ട സംഭവങ്ങൾ നിഷേധിക്കാനാവില്ല, ലോകത്തൊരിടത്തും കുറ്റകൃത്യങ്ങൾ പൂർണ്ണമായി അവസാനിച്ചിട്ടില്ല” എന്നായിരുന്നു മന്ത്രിയുടെ വിവാദപരമായ പരാമർശം.
മന്ത്രിയുടെ പ്രതികരണത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ബിഹാർ വീണ്ടും ‘ജംഗിൾ രാജിന്റെ’ പിടിയിലായിക്കഴിഞ്ഞുവെന്ന് പ്രതിപക്ഷം ആരോപിച്ചു. അതേസമയം സർക്കാരിന്റെ ഭാഗമായ ജെഡിയു (JDU) നേതാവ് ഉമേഷ് കുശ്വാഹയും മന്ത്രിയുടെ പരാമർശത്തെ തള്ളിരംഗത്തെത്തി.

