ഏകധ്രുവ ലോകക്രമത്തിനെതിരെ ഇന്ത്യ: യു.എൻ രക്ഷാസമിതി പുനഃസംഘടിപ്പിക്കണമെന്ന് എസ്. ജയശങ്കർ

22 September 2026
ഏകധ്രുവ ലോകക്രമത്തിനെതിരെ ഇന്ത്യ: യു.എൻ രക്ഷാസമിതി പുനഃസംഘടിപ്പിക്കണമെന്ന് എസ്. ജയശങ്കർ

ന്യൂയോർക്ക്: ഏകധ്രുവ ലോകക്രമത്തിനെതിരെ ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യ. ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ P4M സമ്മേളനത്തിലാണ് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ നിലപാട് വ്യക്തമാക്കിയത്. നിലവിലുള്ള ഊർജ്ജ, രാസവള പ്രതിസന്ധികൾ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്നും, തീരുമാനങ്ങൾ എടുക്കുന്നതിലെ സുതാര്യത ഒരു ബഹുധ്രുവ ലോകക്രമത്തിന് അനിവാര്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ആഗോളതലത്തിൽ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ കാലഹരണപ്പെട്ട അന്താരാഷ്ട്ര സംവിധാനങ്ങൾ അടിയന്തരമായി പരിഷ്കരിക്കണമെന്ന് വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു. വർധിച്ചുവരുന്ന പ്രതസന്ധികൾ ലോകസമാധാനത്തിനും സാമ്പത്തിക വളർച്ചയ്ക്കും വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. നിലവിലെ പ്രതിസന്ധികൾ ഫലപ്രദമായി നേരിടുന്നതിൽ അന്താരാഷ്ട്ര സംഘടനകൾ പരാജയപ്പെടുന്നു. വികസ്വര രാജ്യങ്ങൾക്ക് അർഹമായ പ്രാധാന്യം നൽകിക്കൊണ്ട് ഐക്യരാഷ്ട്രസഭയും രക്ഷാസമിതിയും അടിയന്തരമായി പുനഃസംഘടിപ്പിക്കണം. മാറ്റങ്ങൾ ഉൾക്കൊള്ളാത്ത ബഹുരാഷ്ട്ര സംവിധാനങ്ങൾക്ക് വിശ്വാസ്യത നഷ്ടപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമേരിക്ക കൂടുതൽ താരിഫുകൾ ഏർപ്പെടുത്താൻ ആലോചിക്കുന്നതിനിടെ ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള സുപ്രധാന നയതന്ത്ര നീക്കങ്ങൾ ശ്രദ്ധേയമായി. ന്യൂയോർക്കിൽ യൂറോപ്യൻ യൂണിയൻ വിദേശകാര്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയ ജയശങ്കർ, ഇന്ത്യ-ഇ.യു വ്യാപാര കരാറിന്റെ പുരോഗതി വിലയിരുത്തി.

അതേസമയം, യു.എൻ രക്ഷാസമിതിയിൽ ഇന്ത്യക്ക് സ്ഥിര അംഗത്വം നൽകണമെന്ന ആവശ്യത്തിന് പിന്തുണയുമായി പോളണ്ട്, ഹംഗറി, സ്ലൊവാക്യ, ചെക്കിയ എന്നീ രാജ്യങ്ങൾ രംഗത്തെത്തി. 81-ാമത് യു.എൻ ജനറൽ അസംബ്ലിയുടെ ഉന്നതതല പൊതുചർച്ചയ്ക്ക് തുടക്കമാകുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ പ്രതികരണം.