തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണത്തിലിരിക്കുന്ന യുഡിഎഫ് സർക്കാർ സംഘപരിവാറിന്റെ ബി ടീമായി പ്രവർത്തിക്കുകയാണെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്ര മോദി, മുഖ്യമന്ത്രി വി.ഡി. സതീശൻ, കേന്ദ്ര എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) എന്നിവർ ചേർന്ന് രൂപീകരിച്ച പ്രത്യേക കൂട്ടുകെട്ടാണ് നിലവിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്നതെന്ന് എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി. കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്ത് രാജ്യത്തുടനീളം പ്രതിപക്ഷ പാർട്ടികളെ വേട്ടയാടുന്ന ബിജെപി നയത്തിന്, മറ്റൊരു സംസ്ഥാനത്തുമില്ലാത്ത വിധം പിന്തുണയാണ് കേരളത്തിലെ യുഡിഎഫ് സർക്കാർ നൽകുന്നത്. കോലീബീ സഖ്യത്തിന്റെ കാലം തൊട്ട് ആരംഭിച്ച ഈ അവിശുദ്ധ കൂട്ടുകെട്ട് യുഡിഎഫ് അധികാരത്തിലെത്തിയതോടെ കൂടുതൽ തീവ്രമായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
സിഎംആർഎൽ കേസ് പൂർണ്ണമായും മുൻ മുഖ്യമന്ത്രി പിണറായി വിജയനെയും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനെയും ലക്ഷ്യമിട്ടുള്ളതാണെന്ന് പാർട്ടി നേരത്തെ വ്യക്തമാക്കിയതാണ്. അന്വേഷണ ഏജൻസികൾ ഭീഷണിപ്പെടുത്തി ശേഖരിച്ച മൊഴികളെല്ലാം ബന്ധപ്പെട്ടവർ പിന്നീട് പിൻവലിച്ചിട്ടുണ്ട്. അങ്ങനെ പിൻവലിച്ച മൊഴികളുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ തുനിയുന്നത് കേട്ടുകേൾവിയില്ലാത്ത സംഭവമാണ്. കമ്പനിക്ക് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കിയെന്ന വാദമുന്നയിച്ച് രംഗത്തുവന്ന ഇ.ഡി, യഥാർത്ഥ കുറ്റവാളികളെ കണ്ടെത്താൻ ശ്രമിക്കാതെ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ മാത്രമാണ് നീങ്ങുന്നതെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.

