പിണറായി വിജയനും കുടുംബത്തിനുമെതിരെ അന്വേഷണത്തിന് SIT രൂപീകരിച്ചു

23 September 2026
പിണറായി വിജയനും കുടുംബത്തിനുമെതിരെ അന്വേഷണത്തിന് SIT രൂപീകരിച്ചു

തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇ.ഡി.) കത്തിന്റെ അടിസ്ഥാനത്തിൽ, മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ പിണറായി വിജയൻ, മകൾ ടി. വീണ, മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസ്, റിയാസിന്റെ സുഹൃത്തുക്കൾ എന്നിവർക്കെതിരെയുയർന്ന കൈക്കൂലി, ഹവാല ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി.) രൂപം നൽകി. എസ്.പി. വിക്രമനാണ് അന്വേഷണ ചുമതല.

സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കാനാണ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുന്നത്. ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിനാണ് അന്വേഷണത്തിന്റെ പൂർണ്ണ മേൽനോട്ടം.

പിണറായി വിജയനെതിരെ കൈക്കൂലിയാരോപണവും വീണയ്ക്കും റിയാസിനും സുഹൃത്തുക്കൾക്കുമെതിരെ 25 കോടിയുടെ ഹവാലാ ഇടപാടുകളുമാണ് ഇ.ഡി. ആരോപിക്കുന്നത്. രണ്ടു സംഭവങ്ങളിലും പ്രത്യേക അന്വേഷണം ആവശ്യമായി വരുമെന്ന് സംസ്ഥാന പോലീസ് മേധാവി സർക്കാരിനെ അറിയിച്ചിരുന്നു. എന്നാൽ, പ്രാഥമിക അന്വേഷണത്തിനു ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്ന് സർക്കാർ നിശ്ചയിക്കുകയായിരുന്നു.