ന്യൂഡൽഹി: കേന്ദ്ര സർക്കാരിനും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനുമെതിരെ രൂക്ഷവിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമിച്ച നടപടികളിൽ സത്യം വെളിപ്പെടുത്തി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ ഉടനടി രാജിവെച്ച് മാപ്പുസാക്ഷിയാകണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മിഷനുള്ളിലെ ആഭ്യന്തര ഭിന്നതകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്.
ജനങ്ങളുടെ വോട്ട് നശിപ്പിക്കുന്നതും ജനാധിപത്യ സ്ഥാപനങ്ങളെ തകർക്കുന്നതും രാജ്യത്തിനെതിരെയുള്ള കടുത്ത കുറ്റകൃത്യവും രാജ്യദ്രോഹവുമാണെന്ന് അദ്ദേഹം ആരോപിച്ചു. ഈ ഗൂഢാലോചനയ്ക്ക് പിന്നിൽ പ്രവർത്തിച്ച പ്രധാന വ്യക്തികൾ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത് ഷായുമാണെന്ന് കുറ്റപ്പെടുത്തിയ രാഹുൽ, ഇതിന് പിന്നിൽ കളിച്ചവർ ഇന്നല്ലെങ്കിൽ നാളെ കടുത്ത ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി.

