ദുർമന്ത്രവാദ നിരോധനം കരട് ബിൽ തയ്യാർ; ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന 22 കുറ്റകൃത്യങ്ങൾ

25 September 2026
ദുർമന്ത്രവാദ നിരോധനം കരട് ബിൽ തയ്യാർ; ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന 22 കുറ്റകൃത്യങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ദുർമന്ത്രവാദവും ആഭിചാരക്രിയകളും നിരോധിക്കുന്നതിനുള്ള നിയമത്തിന്റെ കരട് വിദഗ്ധസമിതി സർക്കാരിന് കൈമാറി. പത്തനംതിട്ട ഇലന്തൂരിൽ നടന്ന നരബലിയുടെ പശ്ചാത്തലത്തിൽ, പൊതുതാത്പര്യ ഹർജിയിൽ ഹൈക്കോടതി നൽകിയ നിർദേശപ്രകാരമാണ് വിദഗ്ധസമിതി രൂപവത്കരിച്ചത്. നിയമപരിഷ്കരണ കമ്മിഷൻ ഉപാധ്യക്ഷനും മുൻ നിയമ സെക്രട്ടറിയുമായ കെ. ശശിധരൻ നായർ, മുൻ ഡി.ജി.പി. ജേക്കബ് പുന്നൂസ് എന്നിവരടങ്ങുന്ന സമിതിയാണ് ‘ദുർമന്ത്രവാദവും ആഭിചാരവും മനുഷ്യത്വവിരുദ്ധ ദുഷ്പ്രവർത്തനങ്ങളും തടയൽ ബിൽ’ തയ്യാറാക്കിയത്.

മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഭരണഘടനാപരമായ സംരക്ഷണം പൂർണ്ണമായും പരിഗണിച്ചാണ് ബിൽ തയ്യാറാക്കിയിട്ടുള്ളതെന്ന് സമിതി അറിയിച്ചു. ഭാരതീയ ന്യായ സംഹിതപ്രകാരമുള്ള ശിക്ഷയ്ക്കുപുറമേയാണിത്. ആകെ 22 കുറ്റകൃത്യങ്ങളാണ് ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ശിക്ഷകൾ:

  • കഠിന ശിക്ഷ (ജീവപര്യന്തം തടവ്): നരബലി, ജീവനോടെ സംസ്കരിക്കൽ, മരണകാരണമായേക്കാവുന്ന മറ്റ് ആഭിചാര പ്രവൃത്തികൾ എന്നിവയ്ക്ക് ജീവപര്യന്തം തടവുശിക്ഷ നിർദേശിക്കുന്നു.
  • 10 വർഷം വരെ തടവും പിഴയും: മാരകമായി പരിക്കേൽപ്പിക്കുക, അംഗഭംഗം വരുത്തുക, ആഭിചാരക്രിയകളുടെ പേരിൽ നടത്തുന്ന ലൈംഗികാതിക്രമവും ബലാത്സംഗവും, ജീവന് ഹാനികരമായ പദാർഥങ്ങൾ കഴിപ്പിക്കുക എന്നിവയാണ് ഈ വിഭാഗത്തിൽ വരുന്നത്.
  • 7 വർഷം വരെ തടവും പിഴയും: ബാധയൊഴിപ്പിക്കാനെന്ന പേരിൽ നടത്തുന്ന മർദനം, ലഹരി പദാർഥങ്ങൾ നൽകൽ, വിസർജ്യം ഉപയോഗിക്കൽ, അന്ധവിശ്വാസങ്ങളുടെ പേരിൽ സ്ത്രീകളെ അധിക്ഷേപിക്കൽ, പണവും ആഭരണങ്ങളും തട്ടിയെടുക്കൽ, ഗുരുതര രോഗങ്ങൾക്ക് ചികിത്സ നിഷേധിക്കൽ, ഗർഭച്ഛിദ്രം നടത്തൽ, അതീന്ദ്രിയ ശക്തികളുടെ പേരിൽ ഭീഷണിപ്പെടുത്തൽ എന്നിവയ്ക്ക് ഏഴു വർഷം വരെ തടവ് ലഭിക്കാം.

ഡിജിറ്റൽ പ്രചാരണങ്ങൾക്കും തടയിടും

ദുർമന്ത്രവാദത്തിനും ആഭിചാരക്രിയകൾക്കും അമാനുഷിക ശക്തിയുണ്ടെന്ന് അവകാശപ്പെടുന്നവരെ ഡിജിറ്റൽ മാധ്യമങ്ങളിലൂടെയോ മറ്റ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയോ പ്രചരിപ്പിക്കുന്നത് മൂന്നു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമായി ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.

ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ എല്ലാ ജില്ലകളിലും ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസിന്റെ (DySP) നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കും. കൂടാതെ, എ.ഡി.ജി.പി.യും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും അംഗങ്ങളായ സംസ്ഥാനതല നിരീക്ഷണ സമിതിയും പ്രവർത്തനം ഏകോപിപ്പിക്കും.