ഫാൻ ഉരുകിവീണ് പൊള്ളലേറ്റ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

25 September 2026
ഫാൻ ഉരുകിവീണ് പൊള്ളലേറ്റ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

വണ്ടൂർ: ഷോട് സർക്കിറ്റിനെ തുടർന്ന് തീപിടിച്ച് കട്ടിലിലേക്ക് വീണ ചുമർഫാനിൽനിന്ന് ഗുരുതരമായി പൊള്ളലേറ്റ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. തിരുവാലി കുളക്കാട്ടിരിയിലാണ് ദാരുണസംഭവം നടന്നത്. എറണാകുളം കാലടി മഞ്ഞപ്ര സ്വദേശി പന്നികശ്ശേരി സജീവിന്റെ മകൾ ശ്രീഭദ്രയാണ് മരണപ്പെട്ടത്.

കഴിഞ്ഞദിവസം വൈകീട്ട് നാലേകാലോടെയായിരുന്നു അപകടം. കുഞ്ഞിനെ വീടിനകത്ത് കട്ടിലിൽ ഉറക്കിക്കിടത്തിയ ശേഷം സജീവും ഭാര്യയും തൊട്ടടുത്തുള്ള ഫാമിൽ ജോലിക്കായി ഇറങ്ങിയതായിരുന്നു. ഇതിനിടെ വീട്ടിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപെട്ട ദമ്പതികൾ ഓടിയെത്തി നോക്കിയപ്പോഴാണ് കട്ടിലിലെ ഫാൻ ഉരുകിവീണ് കുഞ്ഞിന് പൊള്ളലേറ്റതായി കണ്ടത്.

ഉടൻതന്നെ കുഞ്ഞിനെ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ കട്ടിലിലെ മെത്ത പൂർണ്ണമായി കത്തിക്കരിഞ്ഞ നിലയിലാണ്, കട്ടിലിനും ഭാഗികമായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സംഭവത്തിൽ എടവണ്ണ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.