ന്യൂഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് ശക്തമായ പ്രതിഷേധം. ഡൽഹിയിലെ ജന്തർ മന്തറിൽ കോൺഗ്രസ്, സിജെപി, ഐസ അടക്കമുള്ള പ്രമുഖ സംഘടനകളുടെ പ്രവർത്തകരും പൊതുജനങ്ങളും സംയുക്തമായാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.
സമരത്തിന് മുൻകൂർ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസ് പ്രദേശം ബാരിക്കേഡുകൾ ഉപയോഗിച്ച് പൂർണ്ണമായി അടച്ചുപൂട്ടി. തുടർന്ന് ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ രൂക്ഷമായ ഉന്തും തള്ളുമുണ്ടായി.
സംഘർഷാവസ്ഥ അയവില്ലാതെ തുടർന്നതിനെ തുടർന്ന് പ്രതിഷേധക്കാരിലെ ഒരുവിഭാഗം ആളുകളെ പോലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് നീക്കി. സ്ഥലത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

