ലഷ്കറെ തൊയ്ബ കൊടുംഭീകരൻ സുലൈമാൻ ഷായെ സൈന്യം വധിച്ചു

30 September 2026
ലഷ്കറെ തൊയ്ബ കൊടുംഭീകരൻ സുലൈമാൻ ഷായെ സൈന്യം വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ നിരോധിത ഭീകരസംഘടനയായ ലഷ്കറെ തൊയ്ബ കമാൻഡറെ സുരക്ഷാസേന വധിച്ചു. സുരക്ഷാസേന ഏറെ നാളായി തിരയുന്ന കൊടുംഭീകരനും ലഷ്കറെ തൊയ്ബ കമാൻഡറുമായ സുലൈമാൻ ഷാ ആണ് കൊല്ലപ്പെട്ടത്.

ബുദ്ഗാം ജില്ലയിലെ യുസ്മാർഗ് കൊറാഗ് വനമേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശം വളഞ്ഞ സൈന്യം ഭീകരരോട് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ഇവർ സൈന്യത്തിനുനേരെ കടുത്ത വെടിയുതിർത്തു. തുടർന്ന് സുരക്ഷാസേന നടത്തിയ ശക്തമായ തിരിച്ചടിയിലാണ് സുലൈമാൻ ഷാ കൊല്ലപ്പെട്ടത്.

ജമ്മു കശ്മീരിലുടനീളം സുരക്ഷാസേനയ്ക്കും സാധാരണക്കാർക്കും നേരെ നടന്ന നിരവധി ഭീകരാക്രമണങ്ങളുടെ പ്രധാന സൂത്രധാരനാണ് സുലൈമാൻ ഷാ.