‘ദൃശ്യം’ മോഡൽ കൊലപാതകം: 2,000 കിലോമീറ്റർ സഞ്ചരിച്ചെത്തി പിതാവിനെ വെട്ടിക്കൊന്നു; മകൻ ഒറ്റ ഫോൺ കോളിൽ കുടുങ്ങി

4 October 2026
‘ദൃശ്യം’ മോഡൽ കൊലപാതകം: 2,000 കിലോമീറ്റർ സഞ്ചരിച്ചെത്തി പിതാവിനെ വെട്ടിക്കൊന്നു; മകൻ ഒറ്റ ഫോൺ കോളിൽ കുടുങ്ങി

പട്‌ന: സിനിമയെ വെല്ലുന്ന ആസൂത്രണത്തോടെ പിതാവിനെ വെട്ടിക്കൊലപ്പെടുത്തിയ യുവാവ് പൊലീസിന്റെ പിടിയിലായി. ഗുജറാത്തിലെ സൂറത്തിൽനിന്ന് ബിഹാറിലെ സമസ്തിപുരിലെത്തി പിതാവ് രഘുവീർ സാഹ്നിയെ (50) കൊലപ്പെടുത്തിയ മകൻ ശിവ് ശങ്കറാണ് (26) പിടിയിലായത്. ‘ദൃശ്യം’ സിനിമയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇയാൾ കൃത്യം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

കുടുംബസ്വത്തുമായി ബന്ധപ്പെട്ട തർക്കങ്ങളും കുടുംബത്തിലുണ്ടായ അസ്വാരസ്യങ്ങളുമാണ് കൊലപാതകത്തിന് കാരണം. സൂറത്തിൽ ജോലി ചെയ്‌തുവരികയായിരുന്ന ശിവ് ശങ്കർ, സിനിമ കണ്ടശേഷമാണ് നാടായ ബിഹാറിലെ സമസ്തിപുരിലേക്ക് തിരിിച്ചത്. പിടിക്കപ്പെടാതിരിക്കാൻ യാത്രയ്‌ക്ക് മുന്നോടിയായി മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്‌തിരുന്നു.

ട്രെയിനിലും ഓട്ടോയിലുമായി യാത്ര ചെയ്ത്, ഒടുവിൽ കിലോമീറ്ററുകളോളം നടന്ന് അർദ്ധരാത്രിയോടെയാണ് ഇയാൾ ഗ്രാമത്തിലെത്തിയത്. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പിതാവിനെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ ശേഷം തെളിവുകൾ നശിപ്പിച്ച് സൂറത്തിലേക്ക് തന്നെ മടങ്ങി.

എന്നാൽ, തെളിവുകളെല്ലാം ഒഴിവാക്കുമെന്നും കരുതുന്നതിനിടെ ഭാര്യയെ വിളിച്ച ഒറ്റ ഫോൺ കോളാണ് ഇയാളെ കുടുക്കിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.