ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യത്തിന്റെ മാർച്ച്: ഡൽഹിയിൽ ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധം

6 October 2026
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യത്തിന്റെ മാർച്ച്: ഡൽഹിയിൽ ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധം

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യാ സഖ്യം നടത്തിയ പ്രതിഷേധ മാർച്ച് ഡൽഹി പോലീസിനെ വെട്ടിച്ച് മുന്നേറിയതിനെത്തുടർന്ന് രാജ്യതലസ്ഥാനത്ത് വൻ നാടകീയ രംഗങ്ങളും സംഘർഷാവസ്ഥയും.

പാർലമെന്റിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് പുറപ്പെട്ട ഇന്ത്യാ സഖ്യ എം.പി.മാരുടെ മാർച്ച് പോലീസിനെ പ്രതിരോധത്തിലാക്കി. മാർച്ച് മുന്നേറുന്നതിനിടെ അപ്രതീക്ഷിതമായി രാഹുൽ ഗാന്ധി മറ്റൊരു വഴിയിലൂടെ നീങ്ങിയത് ഡൽഹി പോലീസിന് വലിയ തലവേദനയായി. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ എന്നിവർ ഉൾപ്പെടുന്ന സംഘം ആകാശവാണി ഭവൻ വഴി സി.ഇ.സി. ആസ്ഥാനത്തേക്ക് എത്തുന്നതിനായിരുന്നു പദ്ധതിയിട്ടിരുന്നത്.

എന്നാൽ നീക്കം മനസ്സിലാക്കിയ പോലീസ് ആകാശവാണി ഭവന് സമീപത്തുവെച്ച് കൂറ്റൻ ബാരിക്കേഡുകൾ ഉയർത്തി പ്രതിഷേധക്കാരെ തടഞ്ഞു. ഇതോടെ പോലീസും ജനപ്രതിനിധികളും തമ്മിൽ കടുത്ത വാക് തർക്കവും ഉന്തിഉന്തുമുണ്ടായി.

പോലീസ് ബാരിക്കേഡ് ഉയർത്തി തടഞ്ഞതോടെ ത്രിവർണപ്പതാകയേന്തി ബാരിക്കേഡിന് മുകളിലേക്ക് കയറിയാണ് രാഹുൽ ഗാന്ധി പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ എന്നിവരും ബാരിക്കേഡിന് മുകളിൽ കയറി.

തുടർന്ന് ആകാശവാണി ഭവന്റെ നാലാം ഗേറ്റിൽ പോലീസ് വീണ്ടും ഇവരെ തടഞ്ഞതോടെ, സമീപത്തുണ്ടായിരുന്ന ആൽമരച്ചുവട്ടിൽ ഇരുന്ന് നേതാക്കൾ പ്രതിഷേധം തുടരുകയായിരുന്നു. പ്രതിപക്ഷ എം.പി.മാരുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് മേഖലയിൽ കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്.