ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ 29-ാമത് മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ കേന്ദ്ര സർക്കാർ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ അമർ പ്രീത് സിംഗ് ഒക്ടോബർ 31-ന് വിരമിക്കുന്ന ഒഴിവിലാണ് നിയമനം. അന്നേ ദിവസം ഉച്ചകഴിഞ്ഞ് അദ്ദേഹം സ്ഥാനമേറ്റെടുക്കും.
നിലവിൽ വ്യോമസേനയുടെ ഉപമേധാവിയായി സേവനമനുഷ്ഠിക്കുകയാണ് എയർ മാർഷൽ അശുതോഷ് ദീക്ഷിത്. നാല് പതിറ്റാണ്ടോളം നീണ്ട മികവുറ്റ സൈനിക സേവന പാരമ്പര്യമുള്ള അദ്ദേഹം 1986 ഡിസംബർ 6-നാണ് വ്യോമസേനയുടെ ഫൈറ്റർ സ്ട്രീമിലേക്ക് കമ്മീഷൻ ചെയ്യപ്പെട്ടത്. എക്സ്പരിമെന്റൽ ടെസ്റ്റ് പൈലറ്റ്, ക്വാളിഫൈഡ് ഫ്ലയിംഗ് ഇൻസ്ട്രക്ടർ എന്നീ നിലകളിൽ ശ്രദ്ധേയനായ അദ്ദേഹത്തിന് 3,500 മണിക്കൂറിലധികം പോർവിമാനങ്ങൾ പറത്തിയുള്ള പരിചയസമ്പത്തുണ്ട്.
മിറാഷ്-2000, മിഗ് വിമാനങ്ങൾ, ജാഗ്വാർ, തേജസ്, ഐ.എൽ-78 ഉൾപ്പെടെ നിരവധി ആധുനിക യുദ്ധവിമാനങ്ങൾ പറത്തിയിട്ടുള്ള അദ്ദേഹം ‘ഓപ്പറേഷൻ സഫേദ് സാഗർ’, ‘ഓപ്പറേഷൻ രക്ഷക്’ തുടങ്ങിയ നിർണ്ണായക വ്യോമസേനാ ദൗത്യങ്ങളുടെ ഭാഗമായിരുന്നു. പ്രതിരോധ രംഗത്തെ സ്വയംപര്യാപ്തത (ആത്മനിർഭർ ഭാരത്) തദ്ദേശീയമായി നിർമ്മിച്ച എൽ.സി.എ തേജസ് പദ്ധതിയുടെ വിപുലീകരണത്തിലും വികസനത്തിലും അദ്ദേഹം നിർണ്ണായക പങ്കാണ് വഹിച്ചത്.
സേവനമികവ് പരിഗണിച്ച് വായുസേനാ മെഡൽ, വിശിഷ്ട സേവാ മെഡൽ, അതിവിശിഷ്ട സേവാ മെഡൽ, പരമ വിശിഷ്ട സേവാ മെഡൽ എന്നീ സൈനിക ബഹുമതികൾ നൽകി രാജ്യം ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

