വിദ്യാർഥിനികളോട് ലൈംഗികാതിക്രമം: കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

9 October 2026
വിദ്യാർഥിനികളോട് ലൈംഗികാതിക്രമം: കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

ന്യൂഡൽഹി: വിദ്യാർഥിനികളോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതി വാസ്തവമെന്ന് കണ്ടെത്തിയതിനെത്തുടർന്ന് പ്രൊഫസറും കോൺഗ്രസ് എംപിയുമായ അൻഗോംച ബിമൊൽ അകോയിജാമിനെ ജവഹർലാൽ നെഹ്‌റു സർവകലാശാല (ജെഎൻയു) പുറത്താക്കി.

സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസിനു കീഴിലെ സെന്റർ ഫോർ ദ സ്റ്റഡി ഓഫ് സോഷ്യൽ സിസ്റ്റംസിലെ അധ്യാപകനും ഇന്നർ മണിപ്പുരിൽനിന്നുള്ള ലോക്‌സഭാ എംപിയുമാണ് അകോയിജാം. സർവകലാശാലയുടെ ആഭ്യന്തര അന്വേഷണ സമിതിയുടെ (ഐസി) ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി.

ഏകദേശം ഒരു മാസം മുൻപാണ് അകോയിജാമിനെതിരേ വിദ്യാർഥിനികൾ ഐസിക്ക് പരാതി നൽകിയത്. കുറഞ്ഞത് പത്ത് വിദ്യാർഥികളെങ്കിലും ഇയാൾക്കെതിരേ പരാതിയുമായി രംഗത്തെത്തിയിരുന്നു. സർവകലാശാലാ ക്യാംപസിൽ താമസിക്കുന്ന ഇയാൾ വിദ്യാർഥികളെ വീട്ടിലേക്ക് ക്ഷണിക്കുകയും ലൈംഗികതാൽപര്യത്തോടെ സമീപിക്കുകയും ചെയ്തിരുന്നതായി പരാതികളിൽ വ്യക്തമാക്കുന്നു.

കൂടാതെ, ക്ലാസ് മുറികളിൽ അശ്ലീലം നിറഞ്ഞതും അനാവശ്യവുമായ പരാമർശങ്ങൾ നടത്തിയിരുന്നതായും ചില വിദ്യാർഥിനികൾ ആരോപിച്ചിട്ടുണ്ട്. എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ അകോയിജാം നിഷേധിച്ചിരുന്നു.