സുപ്രീം കോടതിയിലേക്ക് ഇന്ത്യ സഖ്യത്തിന്റെ മാർച്ച്

12 October 2026
സുപ്രീം കോടതിയിലേക്ക് ഇന്ത്യ സഖ്യത്തിന്റെ മാർച്ച്

ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ട് ചോരിക്കെതിരെയുള്ള ശക്തമായ പ്രതിഷേധവുമായി ഇന്ത്യ സഖ്യ നേതാക്കൾ സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുന്നു. രണ്ട് മണിയോടെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നിന്ന് ബസുകളിൽ പുറപ്പെട്ട ഇന്ത്യ സഖ്യ നേതാക്കൾ ബാരക്കാമ്പ് ജംഗ്ഷനടുത്ത് ബസിൽ നിന്നിറങ്ങി സുപ്രീം കോടതിയിലേക്ക് കാൽനടയായി നീങ്ങുകയായിരുന്നു. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, നേഹ ബോറ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനം.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ, കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി, സി പി എം ജനറൽ സെക്രട്ടറി എം എ ബേബി, അഖിലേഷ് യാദവ്, തേജസ്വി യാദവ്, യോഗേന്ദ്ര യാദവ് തുടങ്ങി വിവിധ രാഷ്ട്രീയ കക്ഷികളുടെ ഉന്നത നേതാക്കളും ഈ പ്രതിഷേധ മാർച്ചിൽ അണിനിരന്നിട്ടുണ്ട്. പോലീസ് മാർച്ച് തടയുന്നിടം സമരകേന്ദ്രമാക്കാനാണ് ഇന്ത്യ സഖ്യത്തിന്റെ തീരുമാനം. നേതാക്കൾക്ക് പുറമെ വലിയ തോതിൽ പ്രവർത്തകരും സുപ്രീം കോടതി പരിസരത്തേക്ക് ഒഴുകിയെത്തുന്നുണ്ട്.