വ്ലോഗർക്ക് എട്ടിന്റെ പണി; വീട്ടുപടിക്കൽ എത്തിയത് പീരങ്കിയും എഴുപത് ബിരിയാണിയും!

13 October 2026
വ്ലോഗർക്ക് എട്ടിന്റെ പണി; വീട്ടുപടിക്കൽ എത്തിയത് പീരങ്കിയും എഴുപത് ബിരിയാണിയും!

മധുര: സോഷ്യൽ മീഡിയയിൽ സ്വകാര്യ വിവരങ്ങളും വിലാസവും ഫോൺ നമ്പറും പരസ്യപ്പെടുത്തിയ വ്ലോഗർക്ക് എട്ടിന്റെ പണി. മധുര സ്വദേശിയായ വീരമണിയാണ് അപ്രതീക്ഷിത പ്രതിസന്ധിയിലായത്. സാമ്പത്തിക സഹായം ആവശ്യപ്പെട്ട് പങ്കുവെച്ച വീഡിയോയ്ക്ക് മികച്ച പ്രതികരണം ലഭിച്ചതോടെ, ദീപാവലിക്ക് മധുരപലഹാരങ്ങൾ വാങ്ങിനൽകാമോ എന്ന ആവശ്യവുമായി വീരമണി വീണ്ടും വീഡിയോ ചെയ്യുകയായിരുന്നു. എന്നാൽ വീഡിയോയിൽ തന്റെ താമസസ്ഥലവും ഫോൺ നമ്പറും ഉൾപ്പെടെ നൽകിയതാണ് വിനയായത്.

പ്രതീക്ഷിച്ചതിലും വലിയ റീച്ച് ലഭിച്ചതോടെ വീരമണിയുടെ വീട്ടിലേക്ക് സമ്മാന പ്രവാഹമായി. ടിവി, ഫ്രിഡ്ജ്, എസി, അലമാര, മേശ, മിക്സി തുടങ്ങി മാർക്കറ്റിൽ കിട്ടാവുന്ന സാധനങ്ങളെല്ലാം അദ്ദേഹത്തിന്റെ വിലാസത്തിലേക്ക് ക്യാഷ് ഓൺ ഡെലിവറിയായി എത്തിത്തുടങ്ങി. ഇതിനിടയിൽ ഒരു വിരുതൻ വീരമണിയുടെ വിലാസത്തിൽ ഓർഡർ ചെയ്തത് ഒരു പീരങ്കിയായിരുന്നു. മാത്രമല്ല, ഒരു ദിവസം എഴുപത് മട്ടൻ ബിരിയാണികൾ വരെ ക്യാഷ് ഓൺ ഡെലിവറിയായി വീട്ടുപടിക്കൽ എത്തിയതോടെ ഓൺലൈൻ ഡെലിവറി ഏജന്റുമാരുമായി നിരന്തരം ബഹളങ്ങളും തർക്കങ്ങളും പതിവായി.

തുടർന്ന് ‘നൻപർകളേ’ എന്ന പതിവ് ശൈലിയിൽ വീരമണി വീണ്ടും വിശദീകരണവുമായി രംഗത്തെത്തി. എന്നാൽ തമാശയായി ചെയ്ത കാര്യം വലിയ തിരിച്ചടിയായതോടെ വ്ലോഗർക്ക് തന്റെ താമസസ്ഥലം തന്നെ മാറേണ്ടി വന്നു.

സോഷ്യൽ മീഡിയയിൽ അക്കൗണ്ടും ഫോൺ നമ്പറും പരസ്യപ്പെടുത്തി സഹായങ്ങൾ ചോദിക്കുന്നവർക്ക് ഇതൊരു പാഠമാകണമെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. അതേസമയം, ഒരാളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നതും ഓൺലൈൻ ഡെലിവറി ജീവനക്കാരെ ദുരിതത്തിലാക്കുന്നതും കോമഡിയായി കണ്ട് തള്ളിക്കളയാനാകില്ലെന്ന വാദവും ശക്തമാണ്. എന്തായാലും തനിക്കുണ്ടായ ഈ ദുരനുഭവവും വീഡിയോയും റീലാക്കി പങ്കുവെച്ചതിലൂടെ വീരമണിയുടെ അക്കൗണ്ട് ഇപ്പോൾ മില്യൺ വ്യൂസുമായി വീണ്ടും ട്രെൻഡിൽ ഇടംപിടിച്ചിരിക്കുകയാണ്.