തിരുവനന്തപുരം: വിദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്ന രാജ്യാന്തര ലഹരി ഇടപാടുകാരനെ യുഎഇയിലെത്തി കസ്റ്റഡിയിലെടുത്ത് കേരള എക്സൈസ് സംഘം. 2023-ൽ തിരുവനന്തപുരത്ത് നടന്ന വൻ ലഹരിവേട്ട കേസിലെ പ്രതിയായ തിരുവനന്തപുരം സ്വദേശി ഷോൺ സുനിൽ ബെർട്ടിനെയാണ് എക്സൈസ് സംഘം യുഎഇയിൽ നിന്ന് പിടികൂടി കേരളത്തിലെത്തിച്ചത്. പ്രതിയുമായി എക്സൈസ് സംഘം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്നു.
2023 ജൂലായ് ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സംഘം നടത്തിയ റെയ്ഡിൽ വൻതോതിൽ കഞ്ചാവും എംഡിഎംഎയും പിടികൂടിയിരുന്നു. കേസിൽ ഏഴ് പ്രതികളെ സംഭവം നടന്ന ഘട്ടത്തിൽ തന്നെ എക്സൈസ് പിടികൂടിയിരുന്നെങ്കിലും, എട്ടാം പ്രതിയായ ഷോൺ സുനിൽ ബെർട്ട് സംഭവത്തിന് പിന്നാലെ വിദേശത്തേക്ക് കടന്നുകളയുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ യുഎഇയിൽ നിന്ന് പിടികൂടി നിയമനടപടികൾക്കായി നാട്ടിലെത്തിച്ചത്.

