പാലം ഉദ്ഘാടനത്തിൽ നാടകീയ രംഗങ്ങള്‍: കെസിയുടെ പേര് പറയാൻ പികെ ബഷീറിനോട് സദസ്; ആരിഫിന് കൂവൽ; മുൻ എംഎൽഎയുടെ ഇറങ്ങിപ്പോക്കും

18 October 2026
പാലം ഉദ്ഘാടനത്തിൽ നാടകീയ രംഗങ്ങള്‍: കെസിയുടെ പേര് പറയാൻ പികെ ബഷീറിനോട് സദസ്; ആരിഫിന് കൂവൽ; മുൻ എംഎൽഎയുടെ ഇറങ്ങിപ്പോക്കും

ആലപ്പുഴ: ആലപ്പുഴ,കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന മാക്കേകടവ്-നേരെക്കടവ് പാലത്തിന്റെ ഉദ്ഘാടന വേദിയിൽ നാടകീയ സംഭവങ്ങൾ. പേരുകൾ പരാമർശിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കങ്ങളും രാഷ്ട്രീയ നേതാക്കളുടെ പ്രസംഗങ്ങളിലെ പരാമർശങ്ങളുമാണ് ഉദ്ഘാടന വേദിയിൽ പ്രതിഷേധത്തിനും ബഹളത്തിനും കാരണമായത്.

ചടങ്ങിനിടെ ആലപ്പുഴ എംപി കെ.സി. വേണുഗോപാലിന്റെ പേര് പ്രസംഗത്തിൽ പരാമർശിക്കാത്തതിൽ പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറിനോട് സദസ്സിൽ നിന്നും പേര് പറയാൻ ആവശ്യമുയർന്നു. എന്നാൽ കെ.സി. വേണുഗോപാൽ ഇവിടെ ഇല്ലല്ലോ എന്നായിരുന്നു മന്ത്രിയുടെ മറുപടി. തുടർന്ന്, താൻ ഏറനാട്ടുകാരനാണെന്നും സദസ്സിന്റെ ശൗര്യം തനിക്ക് മനസ്സിലാകുമെന്നും പറഞ്ഞ മന്ത്രി, അതിനനുസരിച്ചുള്ള മറുപടി നൽകുമെന്നും ഉദ്ഘാടന വേദിയിൽ കൂട്ടിച്ചേർത്തു.

ഇതിനിടയിൽ, സിപിഎം നേതാവ് എ.എം. ആരിഫിന്റെ പ്രസംഗത്തിലെ പരാമർശവും ചോദ്യം ചെയ്യപ്പെട്ടു. മുൻ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനോട് പാലം ഉദ്ഘാടനം ചെയ്യണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും അന്ന് അദ്ദേഹത്തിന് സമയം ലഭിക്കാത്തതുകൊണ്ടാണ് ഉദ്ഘാടനം നടക്കാതെ പോയതെന്നായിരുന്നു ആരിഫിന്റെ വിശദീകരണം. അന്ന് പാലത്തിന്റെ നിർമ്മാണം പൂർത്തിയാകാൻ കുറഞ്ഞ ജോലികൾ മാത്രമാണ് ബാക്കിയുണ്ടായിരുന്നതെന്നും അതുകൊണ്ടാണ് ഇപ്പോഴത്തെ സർക്കാരിന് പാലം ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞതെന്നും ആരിഫ് പരാമർശിച്ചതോടെ സദസ്സിൽ നിന്ന് വലിയ രീതിയിൽ കൂവൽ ഉയർന്നു. ഇത് കേട്ട് ആരിഫ് മര്യാദ കാണിക്കണമെന്ന് സദസ്സിനോട് തിരിച്ചടിച്ചു.

രാഷ്ട്രീയ വാഗ്വാദങ്ങൾക്കും ബഹളങ്ങൾക്കും പുറമെ, ചടങ്ങിൽ തന്നെ വിളിച്ച് വരുത്തി അപമാനിച്ചുവെന്ന് ആരോപിച്ച് മുൻ വൈക്കം എംഎൽഎ സി.കെ. ആശയും തന്റെ അതൃപ്തി പരസ്യമാക്കി. പ്രസംഗത്തിനിടെ മൈക്ക് തട്ടിപ്പറിച്ചുവെന്നും തന്നെ ബോധപൂർവം വിളിച്ച് വരുത്തി അപമാനിക്കുകയായിരുന്നുവെന്നും ആരോപിച്ച് അവർ വേദിയിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.