നിപയ്ക്കും ഷിഗെല്ലയ്ക്കും പിന്നാലെ കോഴിക്കോട് മലേറിയ ; ആരോഗ്യവകുപ്പ് ജാഗ്രതയിൽ

16 June 2026
നിപയ്ക്കും ഷിഗെല്ലയ്ക്കും പിന്നാലെ കോഴിക്കോട് മലേറിയ ; ആരോഗ്യവകുപ്പ് ജാഗ്രതയിൽ

കോഴിക്കോട്: നിപ, ഷിഗെല്ല ഭീതികൾക്കിടയിൽ കോഴിക്കോട് ജില്ലയിൽ മലേറിയയും (മലമ്പനി) സ്ഥിരീകരിച്ചു. തിക്കോടിയിൽ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളിക്കാണ് രോഗം ബാധിച്ചതായി കണ്ടെത്തിയത്. മധ്യപ്രദേശ് സ്വദേശിയായ ഇയാൾ ജോലി അന്വേഷിച്ച് ഏതാനും ആഴ്ചകൾക്ക് മുൻപാണ് തിക്കോടിയിൽ എത്തിയത്. അതിനാൽ രോഗത്തിന്റെ ഉറവിടം മധ്യപ്രദേശ് തന്നെയാകാമെന്നാണ് ആരോഗ്യപ്രവർത്തകരുടെ പ്രാഥമിക നിഗമനം. രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് പ്രദേശത്ത് പ്രതിരോധ നടപടികൾ ആരോഗ്യവകുപ്പ് ശക്തമാക്കിയിട്ടുണ്ട്.

എന്താണ് മലേറിയ? രോഗം പകരുന്നതെങ്ങനെ?

കൊതുകുകൾ വഴി മനുഷ്യശരീരത്തിലേക്ക് എത്തുന്ന ഒരുതരം പരാദം (Parasite) മൂലമാണ് മലേറിയ ഉണ്ടാകുന്നത്. രോഗബാധിതനായ ഒരാളെ കടിക്കുന്ന കൊതുകിന്റെ ശരീരത്തിൽ ഈ പരാദം പ്രവേശിക്കുകയും, പിന്നീട് ഈ കൊതുക് ആരോഗ്യവാനായ മറ്റൊരു വ്യക്തിയെ കടിക്കുമ്പോൾ രോഗം പകരുകയുമാണ് ചെയ്യുന്നത്.

ശ്രദ്ധിക്കുക: ശരീരത്തിൽ പ്രവേശിക്കുന്ന പരാദങ്ങൾ ആദ്യം കരളിലെത്തുകയും അവിടെ ഏകദേശം ഒരു വർഷം വരെ യാതൊരു ലക്ഷണങ്ങളും കാണിക്കാതെ (Inactive ആയി) തുടരുകയും ചെയ്യാം. ഇവ വളർച്ച പ്രാപിക്കുന്നതോടെ ശരീരത്തിലെ ചുവന്ന രക്താണുക്കളെ (Red Blood Cells) ബാധിക്കുകയും രോഗലക്ഷണങ്ങൾ പ്രകടമായിത്തുടങ്ങുകയും ചെയ്യും.

പ്രധാന ലക്ഷണങ്ങൾ :

കടുത്ത പനി, വിറയൽ, കടുത്ത ക്ഷീണം

തലവേദന, പേശിവേദന, തളർച്ച

ഛർദി, ചുമ, നെഞ്ചുവേദന

തുടർച്ചയായി വിയർക്കുക

പ്രതിരോധ മാർഗ്ഗങ്ങൾ :

കൊതുകുകടി ഏൽക്കാതെ സൂക്ഷിക്കുക എന്നതാണ് മലേറിയ തടയാനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗം.

കൊതുകുകൾ പെരുകാൻ സാധ്യതയുള്ള സ്ഥലങ്ങളിലേക്ക് പോകാതിരിക്കാൻ ശ്രദ്ധിക്കുക.

വീടും പരിസരവും കൊതുകുവിമുക്തമായി സൂക്ഷിക്കുക.

ശരീരം മുഴുവൻ മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.