പായം പഞ്ചായത്തിൽ ‘ഹെൽത്തി കേരള’പരിശോധന: വൃത്തിഹീനമായ സ്ഥാപനങ്ങൾക്ക് പിഴയും നോട്ടീസും

16 June 2026
പായം പഞ്ചായത്തിൽ ‘ഹെൽത്തി കേരള’പരിശോധന: വൃത്തിഹീനമായ സ്ഥാപനങ്ങൾക്ക് പിഴയും നോട്ടീസും

പായം: വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പായം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ‘ഹെൽത്തി കേരള’ പ്രോഗ്രാമിന്റെ ഭാഗമായി കർശന പരിശോധന നടത്തി. ഹോട്ടലുകൾ, കൂൾ ബാറുകൾ, ഹോസ്റ്റലുകൾ, പൗൾട്രി ഫാമുകൾ, പന്നി ഫാമുകൾ, ആക്രിക്കടകൾ, റബർ തോട്ടങ്ങൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.

പരിശോധനയിൽ വിവിധ സ്ഥാപനങ്ങളിൽ നിന്ന് പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി.ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തവർ, മാലിന്യങ്ങൾ അലക്ഷ്യമായി കൂട്ടിയിട്ടവർ, ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലാത്തവർ, വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചവർ എന്നിവർക്കെതിരെ കർശന നടപടി സ്വീകരിച്ചു. ഇത്തരം സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും പിഴ ഈടാക്കുകയും ചെയ്തു.

ഷിഗല്ല, മഞ്ഞപ്പിത്തം, ടൈഫോയിഡ് തുടങ്ങിയ ജലജന്യ രോഗങ്ങളും ഡെങ്കിപ്പനി, എലിപ്പനി എന്നിവയും പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ, ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ച് നിയമാനുസൃതമായ ലൈസൻസ് എടുത്തതിന് ശേഷം മാത്രമേ സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ പാടുള്ളൂ എന്ന് അധികൃതർ അറിയിച്ചു.

എല്ലാ ഭക്ഷണ വിതരണ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നിർബന്ധമായും കുടിവെള്ളം പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്.

ശുചിത്വമുള്ള സാഹചര്യത്തിൽ ഉല്പാദിപ്പിക്കുന്നതും സൂക്ഷിക്കുന്നതുമായ ഭക്ഷണസാധനങ്ങൾ മാത്രം കഴിക്കാൻ പൊതുജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.

മതിയായ ശുചിത്വം പാലിക്കാതെ പ്രവർത്തിക്കുന്ന മുഴുവൻ സ്ഥാപനങ്ങൾക്കെതിരെയും കേരള പൊതുജനാരോഗ്യ നിയമപ്രകാരം വരും ദിവസങ്ങളിലും കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഹെൽത്ത് ഇൻസ്‌പെക്ടർ ബിനോജ് സി. കുറ്റിയാനി, അനിൽകുമാർ, ജിതിൻ ജോർജ്, സന്ദീപ് സുധാകരൻ എന്നിവർ ചേർന്നാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.