കേരള എൻജിനീയറിങ്-ഫാർമസി പ്രവേശന പരീക്ഷയായ കീമിന്റെ (KEAM) അന്തിമ ഫലപ്രഖ്യാപനം നീട്ടിവെച്ചു. തിങ്കളാഴ്ച നടത്താനിരുന്ന റാങ്ക് ലിസ്റ്റ് പ്രഖ്യാപനമാണ് മാറ്റിയത്. സിബിഎസ്ഇ പ്ലസ് ടു പുനർമൂല്യനിർണയ (Revaluation) മാർക്ക് കൂടി ഉൾപ്പെടുത്തി റാങ്ക് ലിസ്റ്റ് പരിഷ്‌കരിച്ച ശേഷം ഈ മാസം 26-ന് പുതിയ ഫലം പ്രഖ്യാപിക്കും.
സിബിഎസ്ഇ പ്ലസ് ടു പുനർമൂല്യനിർണയ പരീക്ഷാ ഫലം ഞായറാഴ്ച രാത്രിയോടെയാണ് പ്രസിദ്ധീകരിച്ചത്. ഇതിനുപിന്നാലെ, റീവാല്യുവേഷനിലൂടെ ലഭിച്ച പുതിയ മാർക്ക് വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ട് നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും സർക്കാരിനെ സമീപിച്ചിരുന്നു. വിദ്യാർത്ഥികളുടെ ആശങ്ക കണക്കിലെടുത്ത്, ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ പ്രവേശന പരീക്ഷാ കമ്മീഷണർക്ക് അടിയന്തര നിർദേശം നൽകി.
അർഹരായ എല്ലാ വിദ്യാർത്ഥികൾക്കും തങ്ങളുടെ പുതുക്കിയ മാർക്ക് രേഖപ്പെടുത്താനും പ്രവേശന പ്രക്രിയയിൽ തുല്യ അവസരം ഉറപ്പുവരുത്താനുമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി റോജി എം. ജോൺ വ്യക്തമാക്കി.

